കൊച്ചി: ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ആദ്യ എവേ മത്സരത്തിലേറ്റ തോൽവിയിൽ നിന്ന് കര കയറണം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് മത്സരത്തിനിറങ്ങുക.
നാലാം അങ്കത്തിനായി കൊച്ചിയിൽ തിരിച്ചെത്തുമ്പോൾ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന ആദ്യ രണ്ട് മത്സരത്തിലും തോൽവിയറിഞ്ഞിട്ടില്ല. സീസണിൽ ഒരു മത്സരം മാത്രം വിജയിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. ചുവപ്പു കാർഡ് കണ്ട് പുറത്തായ മിലോസ് ഡ്രിന്‍സിച്ചിന് മൂന്ന് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. പരിക്കിന്റെ പിടിയിലായ ഐബന്‍ ഡോഹ്ലിങ്ങും ടീമിലില്ല. പകരം സന്ദീപ് സിങ്ങും ഹോര്‍മി പാങ്ങും ആദ്യ ഇലവനില്‍ എത്താനാണ് സാധ്യത.
പാര്‍ത്തിബ് ഗോഗോയും ഇബ്സൺ മിലോയും നയിക്കുന്ന മുന്നേറ്റ നിരയില്‍ തന്നെയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതീക്ഷ. നിലവില്‍ നാല് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണറ്റഡ്. ബ്ലാസ്റ്റേഴ്സാകട്ടെ ആറു പേയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.