ഷാര്‍ജ: മലയാള സാഹിത്യത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നൽകുന്ന സംഭാവനകൾ ഏറെയാണ്. അക്ഷരങ്ങളുടെ ഈ ലോകത്തേക്ക് ഓരോ വർഷവും വന്നുചേരുന്ന എഴുത്തുകാരും പ്രസാധകരും വായനക്കാരും അതിന് തെളിവാണ്. എങ്ങും പുസ്തകത്തിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ഉത്സവപ്രതീതി. ഈ പുസ്തകലോകത്ത് വർഷങ്ങളായി അക്ഷരസ്നേഹത്തോടൊപ്പം, യുഎഇയിലെ സാഹിത്യസാംസ്‌കാരിക രംഗത്തെ സുപ്രധാന രംഗങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളുണ്ട്.
അതാണ് കണ്ണൂർ, പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ പരവന്തട്ട സ്വദേശിയായ പ്രവീൺ പാലക്കീൽ. എഴുത്തുകാരൻ, ചാനൽ ഇനീഷേറ്റർ, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ അറിയപ്പെടുന്നതോടൊപ്പം യുഎഇ സാഹിത്യസാംസ്ക്കാരികരംഗങ്ങളിലെ സജീവ സാന്നിധ്യമാണ് പ്രവീൺ.
ഇന്ത്യ ബുക്കോഫ് റെക്കാഡിൽ പ്രവീൺ ഇടം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ എഴുത്തുകാരുടെ ചിത്രങ്ങൾ പകർത്തിയതിലൂടെയാണ് നേട്ടം കൈവരിച്ചത്. ഷാൽജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് 2018-ൽ ഗിന്നസ് വേൾഡ് റേക്കാഡ്സിൽ എഴുത്തുകാരോടൊപ്പം ഇടം നേടിയിരുന്നു.
2002-ൽ ദുബായിൽ എത്തിയത് മുതൽ വിവിധ പരിപാടികളിൽ നിന്നുമുള്ള ഫോട്ടോ എടുത്തുതുടങ്ങിയതാണ്. 2014 മുതൽ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ സാനിദ്ധ്യം അറിയിച്ചു തുടങ്ങി. അക്ഷരക്കൂട്ടും, പാം പുസ്തകപ്പുര, പ്രവാസി ബുക്ട്രസ്റ്റ് തുടങ്ങിയ സാഹിത്യ കൂട്ടായ്മയുടെ നേതൃനിരയിൽ പ്രവീൺ പാലക്കിൽ ഉണ്ട്.
പയ്യന്നൂർ സൗഹൃദവേദി, മാൽക്ക. ഷാർജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മറ്റി, ഹാർമണി തുടങ്ങിയ സാംസ്ക്കാരിക സംഗീത കൂട്ടായ്മയിലെയും സജീവ സാനിദ്ധ്യമാണ്. എഴുത്തുകാരിൽ ഷാർജ ഭരണാധികാരി ഡോ: ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി, എം.ടി വാസുദേവൻ നായർ, ടി.പത്മനാഭൻ, സക്കറിയ, പെരുമ്പടവം ശ്രീധരൻ, ശ്രീകുമാരൻ തമ്പി മുതൽ പുതുതലമുറയിലെ അഖിൽ.കെ വരെയുള്ളവരുടെ ചിത്രങ്ങൾ പ്രവീണിന്റെ ശേഖരത്തിലുണ്ട്.
ഗായകരിൽ യേശുദാസ്, ചിത്ര, ജയചന്ദ്രൻ, വേണുഗോപാൽ, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ തുടങ്ങി അഞ്ഞൂറോളം ഗായകരുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പത്രങ്ങളിലും, നിരവധി പുസ്തകങ്ങളുടെ പുറം ചട്ടയിലും ഫോട്ടോ പ്രസിദ്ധീകരിച്ചുവരാറുണ്ട്. ഈ ചിത്രങ്ങൾ എല്ലാം ഒപ്പിയെടുത്തിരിക്കുന്നത് നിക്കോൺ 3100 എന്ന ക്യാമറയിലൂടെ ആണെന്ന പ്രത്യേകതയും ഉണ്ട്. താനെടുത്ത ഫോട്ടോകളുടെ എക്സിബിഷൽ ഒരുക്കേണ്ട ആലോചനയിലാണിപ്പോൾ പ്രവീൺ.
മെന്റെസ (MENTAZA) ഓൺലൈൻ റേഡിയോ ചാനൽ ഇനീഷേറ്ററാണ് പ്രവീൺ. ‘സാഹിത്യ ദർപ്പണം’ എന്ന പരിപാടിയിലൂടെ എല്ലാ ശനിയാഴ്ചകളിലുമായി അറുപതോളം മിഡിലിസ്റ്റി എഴുത്തുകാരെ ഇൻറർവ്യുചെയ്ത് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
എഴുത്തുകാരനായകൂടിയായ പ്രവീൺ പാലക്കീലിന്റെ രണ്ട് പുസ്തകങ്ങളാണ് പുറത്തിങ്ങയിട്ടുള്ളത്. ചിരന്തനയും, കൈരളി ബുക്സും പ്രസിദ്ധീകരിച്ച ‘മരുപ്പച്ചകൾ എരിയുമ്പോൾ’ എന്ന നോവലും ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ”ലിഫ്റ്റിനടുത്തെ 13ാം നമ്പർ മുറി’ എന്ന കഥാസംഹാരവും.
പ്രവീണിൻറെ വാക്കുകൾ: “ഫോട്ടോ ഗ്രാഫർ എന്ന നിലയിൽ മറക്കാനാവാത്ത കുറേ മുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. അതിൽ ഷാർജ ഭരണാധികാരി ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമിയുടെ മറ്റാർക്കാം പകർത്താൻ അവസരം ലഭിക്കാത്ത ചിത്രം എനിക്ക് ലഭിച്ചു.
പ്രമുഖ സംഗീതഞ്ജൻ ഇളയരാജയുടെ ഒപ്പം ഫോട്ടോ എടുക്കാനുള്ള അവസരം, പ്രമുഖ സംവിധായകൻ പ്രിയനന്ദനനോടൊപ്പം ഒരു ദിവസം മുഴുവൻ യാത്ര ചെയ്ത് ഫോട്ടോ എടുക്കുവാനുള്ള അവസരം ഒക്കെ ഫോട്ടോഗ്രാഫർ ആയത് കൊണ്ടു മാത്രം ലഭിച്ചതാണ്.
മുഖ്യമന്ത്രി പിണറായ് വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യൂസഫലി തുടങ്ങിയവരുടെയൊക്കെ തൊട്ടരികെ നിന്ന് ചിത്രമെടുക്കുവാനുള്ള അവസരം ലഭിച്ചു. പല ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ അച്ചടിച്ച് വരാറുണ്ട്.”
ഫോട്ടോഗ്രാഫി അഭിനിവേശം കൊണ്ടുനടക്കാൻ തൽപ്പരനായ പ്രവീൺ, ദുബായിൽ സ്വന്തമായ് സംരംഭം നടത്തിവരികയാണ്. മുത്തത്തി എസ് വി യുപി സ്കൂൾ, രാമന്തളി ഗവൺമെൻറ് ഹൈസ്കൂൾ, പയ്യന്നൂർ കോളേജ്, മംഗലാപുരം എസ്ഡിഎം ലോകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യസം പൂർത്തിയാക്കി 2001-ൽ അഭിഭാഷകനായി.
റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ എം ചന്ദ്രശേഖരന്റേയും പത്മാവതിയുടേയും മകനാണ്. ഡോ: പ്രതിഭ, ഡോ: പ്രശോഭ് എന്നിവർ സഹോരങ്ങളാണ്. ധന്യ പ്രവീൺ ആണ് ഭാര്യ. അന്നൂർ ചിൻമയ സ്കൂൾ വിദ്യർത്ഥികളായ ധ്യാൻ പ്രവീൺ, ധ്രുവ് പ്രവീൺ എന്നിവരാണ് മക്കൾ.