ഇസ്രായേലി സൈന്യം എന്തുകൊണ്ടാണ് ഗാസയിൽ പ്രവേശിക്കാത്തത് ?
ഈ സംശയം പലർക്കുമുണ്ട്. കഴിഞ്ഞ 12 ദിവസമായി തങ്ങൾ കരയുദ്ധത്തിനു സജ്ജമാണെന്ന് ഇസ്രായേൽ ആവർത്തിക്കുന്നുമുണ്ട്.
തങ്ങൾ ഗാസയിലേക്ക് പ്രവേശിക്കുമെന്നും ഹമാസിനെ ഉന്മൂലനം ചെയ്യാൻ കരയുദ്ധം ആരംഭിക്കുമെന്നും അവർ പലതവണ പ്രഖ്യാപിച്ചതുമാണ്.. ഈ മാസം 7 നാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ അതിക്രമിച്ചുകടന്ന് 1400 ൽ അധികം ആളുകളെ കൊലപ്പെടുത്തിയതും 200 പേരെ തട്ടിക്കൊണ്ടുപോയതും..
3 ലക്ഷം റിസർവ് സൈനികർ ഗാസ അതിർത്തിയിൽ ആധുനിക മോർക്കാവ യുദ്ധ ടാങ്കുകളും,ആർട്ടിലറി സജ്ജീകരണങ്ങളും യന്ത്രത്തോക്കുകളും,റോക്കറ്റ് ലോഞ്ചറുകളും ഒക്കെയായി സർക്കാർ ഉത്തരവ് കാത്തു കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇതിനിടെ ലോകമെമ്പാടുമുള്ള ഇസ്രായേൽ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങിയെത്താൻ ഇസ്രായേൽ സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നു. സൈനിക സേവനം ആവശ്യമാകുന്ന ഘട്ടത്തിൽ അവരെയും സേനയുടെ ഭാഗമാക്കാനാണ് തീരുമാനം.
ഇസ്രായേൽ വായുസേനയും നേവിയും ഹമാസിന്റെയും പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെയും താവളങ്ങളിലേക്ക് നിരന്തരം ആക്രമണം ഇപ്പോഴും തുടരുകയാണ്. 4000 ത്തിനടുത്ത് ആളുകളും ഹമാസി ന്റെ പല കമാൻഡർമാരും കൊല്ലപ്പെടുകയും ചെയ്തു…
അപ്പോഴും ചോദ്യം പ്രസക്തമാണ്…
എന്തുകൊണ്ടാണ് ഇസ്രായേൽ ഗാസയിൽ പ്രവേശിക്കാൻ അമാന്തിക്കുന്നത് ?
ഉറപ്പായും കാരണമുണ്ട്…..
അതിൽ പ്രധാനം,ഗാസ പിടിച്ചെടുക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നില്ല എന്നതുതന്നെ. മറ്റൊന്ന് ഗാസയിലെ മരണനിരക്ക് വൻതോതിൽ ഉയർന്നാൽ യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യപിക്കുമോ എന്ന ഭയവും അമേരിക്കയെ അലട്ടുന്നുണ്ട്.അങ്ങനെ സംഭവിച്ചാൽ അമേരിക്കയുടെ ആ മേഖലയിലെ സ്വാധീനം കുറയുകയും ചൈനയും റഷ്യയുമടങ്ങുന്ന അച്ചുതണ്ട് ഗൾഫ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുകയും ചെയ്യാനുള്ള സാദ്ധ്യതയും കൂടുതലാണ്.
2005 വരെ ഗാസയുടെ മേലുണ്ടായിരുന്ന നിയന്ത്രണം ഇസ്രായേൽ അവസാനിപ്പിക്കുകയായിരുന്നു.ഇപ്പോൾ വീണ്ടും മറ്റൊരു നിയന്ത്രണം വിഡ്ഢിത്തമാണെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഗാസയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനം വിവേകത്തോടെയും സാവകാശത്തോടെയും എടുക്കാൻ ഇസ്രായേലിനെ അവർ ഉപദേശിച്ചിരിക്കുന്നു എന്നാണ് വിവരം..
മാത്രവുമല്ല ഗാസയിൽ പ്രവേശിച്ചാൽ വിജയം അത്ര അനായാസമായിരിക്കില്ല.ഹമാസ്, ഗാസയിൽ പല ഭാഗങ്ങളിലും മൈനുകൾ പാകിയിട്ടുണ്ട്. അതുകൂടാതെ കിലോമീറ്ററുകൾ വരുന്ന ടണലുകളിലും പലയി ടങ്ങളിലായി അവർ ഉഗ്രശേഷിയുള്ള വിസ്ഫോടന സാമഗ്രികൾ നിറച്ചിട്ടുണ്ടാകാം. ഗാസയിൽ ഇസ്രായേൽ സേനയ്ക്കും കനത്ത നാശനഷ്ടം ഉറപ്പാണ്.
ഇസ്രായേൽ നേരിടുന്ന മറ്റു രണ്ടു പ്രതിസന്ധികളിൽ ഒന്ന് അവരുടെ ഇന്റലിജൻസ് പരാജയവും രണ്ട് ഹിസ്ബു ള്ളയുടെ ആക്രമണവുമാണ്. ഇറാന്റെ സഹായത്തിൽ കരുത്തരായിമാറിയ ഹിസ്ബുള്ളയുടെ പക്കൽ ഒന്നരലക്ഷത്തോളം റോക്കറ്റുകളും മിസൈലുകളും ഉണ്ടെന്നാണ് അനുമാനം.ഇതുകൂടാതെ വളരെ കൃത്യതയോടെ ദീർഘദൂരമാരകശേഷിയുള്ള മിസൈലുകളുടെ ശേഖരവും അവരുടെ പക്കലുണ്ടെന്നാണ് വിവരം. ഇറാൻ മാസംതോറും 3 മുതൽ 5 മില്യൺ വരെ ഡോളറാണ് ഹിസ്ബുള്ളയ്ക്കായി ചെലവഴിക്കുന്നത്.
ഹിസ്ബുള്ളയെക്കൂടാതെ, ഹമാസ്, പലസ്തീനിലെ തീവ്രവാദി സംഘടനകൾ, ഷിയാ ഭൂരിപക്ഷമുള്ള ബഹറി നിലെ al-Ashtar Brigades , Saraya al-Mukhtar,യെമനിലെ ഹൂതി ഭീകരർ (Houthi) എന്നിവയ്‌ക്കെല്ലാം ഇറാൻ ഫണ്ടിങ്ങും ആയുധവും നല്കി പ്പോരുന്നു.
ഹിസ്ബുള്ള, ഇസ്രയേലുമായി നേരിട്ട് യുദ്ധത്തിന് മുതിർന്നാൽ അമേരിക്കയുടെയും ബ്രിട്ടന്റെയും അവിടെ നങ്കൂരമിട്ടിരിക്കുന്ന യുദ്ധക്കപ്പലുകളിൽ നിന്ന് അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന ഉറപ്പാണ് ഇസ്രാ യേലിനു ധൈര്യം പകരുന്നത്.
ഇന്റലിജൻസ് പരാജയം ഇസ്രായേലിനു നാണക്കേടും അപമാനവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിൽ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് അവരുടെ സർക്കാർ – സേനാ വിഭാഗങ്ങൾ. ഗാസയിൽ ഹമാ സൊരുക്കിയിരിക്കുന്ന സന്നാഹങ്ങളും തയ്യാറെടുപ്പുകളും അവരുടെ ഒളിസങ്കേതങ്ങളും കണ്ടെത്തുക എന്ന സാഹസികവും ശ്രമകരവുമായ ജോലിയാണ് അവർ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ.
അതുകൊണ്ടുതന്നെ കൃത്യമായ കണക്കുകൂട്ടലുകളോടെയല്ലാതെ ഗാസയിൽ പ്രവേശിക്കാനോ തങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കാനോ ഇസ്രായേൽ ഉടനൊന്നും തയ്യാറാകില്ല എന്നാണ് യുദ്ധതന്ത്ര ജ്ഞരുടെ വിലയിരുത്തൽ… അതായത് ഇസ്രായേൽ – ഹമാസ് സംഘർഷം നീണ്ടുപോകാനാണ് സാദ്ധ്യത.