കൊച്ചി: സഹോദരിയുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവ് സ്‌കൂള്‍ ബസിടിച്ച് മരിച്ചു. കടവന്ത്ര വിനോഭാനഗര്‍ അഡ്വ. ജോണ്‍ ആലുങ്കല്‍ റോഡില്‍ തൗണ്ടിയാല്‍ വീട്ടില്‍ അഖില്‍ ഫ്രാന്‍സിസ് മാര്‍ട്ടിന്‍ (21) ആണ് മരിച്ചത്. സഹോദരി ആന്‍മരിയയെ തലയില്‍ ഗുരുതരപരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു.
കൊച്ചി നേവല്‍ബേസിന് സമീപം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അഖിലിന്റെ സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചുവീണ അഖില്‍ തല്‍ക്ഷണം മരിച്ചു. ആന്‍മരിയ എതിര്‍വശത്തേക്കാണ് വീണത്.
മുണ്ടംവേലി സാന്റാമരിയ സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന ആന്‍മരിയയെ സ്‌കൂളിലാക്കാനായിരുന്നു യാത്ര. മുണ്ടംവേലിയില്‍ തന്നെ എം.ഇ.എസ്. കോളേജില്‍ ബി.ബി.എ. വിദ്യാര്‍ഥിയാണ് അഖില്‍. സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ ബസ് തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അഖിലിന്റെ അച്ഛന്‍ മാര്‍ട്ടിനും (നിര്‍മല്‍) അമ്മ ഡെല്‍സയും ചേര്‍ന്ന് ബാങ്കുകളുടെ കളക്ഷന്‍ ഏജന്‍സി നടത്തുകയാണ്. പള്ളുരുത്തി സ്വദേശികളായ ഇവര്‍ രണ്ടു മാസം മുന്‍പാണ് കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. അഖിലിന്റെ സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ഇടക്കൊച്ചി മക്പെല സെമിത്തേരിയില്‍ നടക്കും.