കൊച്ചി: കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് ആശ്വാസം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റാരോപണ മെമ്മോയും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ നടപടികള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ ട്രിബ്യൂണല്‍ ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ഡോ. സിസ തോമസിന്റെ നിയമനം ഹൈക്കോടതിയുടെ പരിഗണനയില്‍ രണ്ട് തവണ വന്നു. അപ്പോഴൊന്നും ഉന്നയിക്കാത്ത ആക്ഷേപമാണ് സര്‍ക്കാര്‍ കുറ്റാരോപണ മെമ്മോ വഴി ഉന്നയിച്ചത്. പരിഹരിക്കപ്പെട്ട വിഷയത്തില്‍ തുടര്‍ന്ന് കുറ്റം ആരോപിക്കാനാവില്ല. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമിക്കപ്പെട്ടതിന് ശേഷമായിരുന്നു സര്‍ക്കാര്‍ കുറ്റാരോപണ മെമ്മോ. സര്‍ക്കാര്‍ അനുമതിയില്ലാതെ കെടിയു വിസി സ്ഥാനമേറ്റു എന്നായിരുന്നു പ്രധാന ആക്ഷേപം. ഔദ്യോഗിക ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തി, ഫയലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു, കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി തുടങ്ങിയവയായിരുന്നു സിസ തോമസിനെതിരായ ആക്ഷേപം.