‘വിവേചനത്തിനെതിരെയുള്ള എല്‍ജിബിടിക്യു വ്യക്തികള്‍ക്കുള്ള വിവാഹ സമത്വത്തിനും സംരക്ഷണത്തിനും വേണ്ടി ഞങ്ങള്‍ തുടര്‍ന്നും പിന്തുണ അറിയിക്കും, സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യ നിയമ പരിരക്ഷ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും’. 
രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ ഇന്ത്യയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ച് അമേരിക്ക. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
‘അമേരിക്ക ആഗോളതലത്തില്‍ വിവാഹ സമത്വത്തെ പിന്തുണയ്ക്കുന്നു,  ‘കോടതി വിധിയെത്തുടര്‍ന്ന് ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള തുടര്‍നടപടികളും സിവില്‍ സമൂഹത്തില്‍ നിന്നുള്ള പ്രതികരണങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,  യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.
‘വിവേചനത്തിനെതിരെയുള്ള എല്‍ജിബിടിക്യു വ്യക്തികള്‍ക്കുള്ള വിവാഹ സമത്വത്തിനും സംരക്ഷണത്തിനും വേണ്ടി ഞങ്ങള്‍ തുടര്‍ന്നും പിന്തുണ അറിയിക്കുകയും സ്വവര്‍ഗ ദമ്പതികള്‍ക്ക് തുല്യ നിയമ പരിരക്ഷ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. എല്‍ജിബിടി അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി പതിവായി ഇടപഴകുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
അതേസമയം സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്ന നിയമം കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ലമെന്റിന് വിടുകയായിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ ഉത്തരവ് എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. സുപ്രീം കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ലെന്നും, അത് വ്യാഖ്യാനിക്കാനും പ്രാബല്യത്തില്‍ വരുത്താനും മാത്രമേ കഴിയൂ എന്നും വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 
ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പവുമായി സ്വവര്‍ഗ വിവാഹത്തെ താരതമ്യപ്പെടുത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടി ബിജെപി സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളെ എതിര്‍ത്തിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *