ഹൈദരാബാദ്: ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കു നേരെ കാമ്പസിനുള്ളിൽ ലൈംഗികാതിക്രമം ഉണ്ടായതിനെത്തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (ഇഫ്ലു) വിദ്യാർഥികളുടെ പ്രക്ഷോഭം. സംഭവത്തിൽ നടപടി സ്വീകരിക്കാൻ അധികൃതർ വൈകിയെന്നും യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് സെന്റർ അതിജീവിതയ്ക്ക് മതിയായ പരിചരണം നൽകിയില്ലെന്നും ആരോപിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. വൈസ് ചാൻസലർ സുരേഷ് കുമാറും പ്രോക്ടർ ടി സാംസണും രാജിവെക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പഴയ ഹെൽത്ത് സെന്ററിനു സമീപം വിദ്യാർത്ഥിനിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ടു ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് പീഡനം നടന്നത്. പ്രധാന സെക്യൂരിറ്റി ചെക്ക്പോസ്റ്റിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് അതിക്രമം നടന്നതെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാമ്പസിലൂടെ നടന്നുപോയ വിദ്യാർത്ഥിനിയെ പ്രൊഫസേഴ്സ് ക്വാർട്ടേഴ്സിന്റെ സമീപത്തുവച്ച് അജ്ഞാതർ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ പെൺകുട്ടിയെ വലിച്ചിഴച്ച് ഒറ്റപ്പെട്ട പ്രദേശത്തെത്തിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. സഹായത്തിനായി സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ ഫോൺ ഇവർ വാങ്ങി വലിച്ചെറിഞ്ഞു. തുടർന്ന് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോൾ ഇവർ വിദ്യാർത്ഥിനിയെ അവിടെ ഉപേക്ഷിച്ച് പോകുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 130 സുരക്ഷാ ജീവനക്കാരും 50ലധികം സിസിടിവി ക്യാമറകളുമുള്ള കാമ്പസിലാണ് ഇത്തരമൊരു സംഭവം നടന്നത്.