കൽപറ്റ : വയനാട്ടിൽ സിപിഐഎമ്മിൽ വിഭാഗീയത രൂക്ഷം. പുൽപ്പള്ളിയിൽ സിഐടിയുവിൽ നിന്ന് ഒമ്പത് പേർ രാജിവെച്ചു. രാജിവെച്ച് എഐടിയുസിയിൽ ചേർന്നവർ പുൽപ്പള്ളി ടൗണിൽ പ്രകടനം നടത്തി. മുൻ സിപിഐഎം പുൽപ്പള്ളി ലോക്കൽ സെക്രട്ടറി അനിൽ സി കുമാറിന്റെ നേതൃത്വത്തിലായിരുന്നു എഐടിയുസി പ്രകടനം.

ഏരിയ സമ്മേളനത്തോടെയാണ് പുൽപ്പള്ളിയിലെ പാർട്ടിക്കുള്ളിൽ വിഭാഗീയത കടുത്തത്. ഏരിയ കമ്മറ്റിയിലേക്ക് മത്സരമടക്കം നടന്നിരുന്നു. വിഭാഗീയത അന്വേഷിക്കാൻ കമ്മീഷനെ വച്ചെങ്കിലും ആർക്കെതിരെയും നടപടി ഉണ്ടാവാത്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. വിഭാഗീയത കടുത്തതോടെ സിപിഐഎം പുൽപ്പള്ളി വെസ്റ്റ് ലോക്കൽ സെക്രട്ടറി സി ഡി അജീഷ് സ്ഥാനം രാജി വച്ചു. നിലവിൽ പുൽപള്ളി ഏരിയ കമ്മറ്റിയിലെ മൂന്ന് വനിതകളിൽ രണ്ട് പേരും രാജി വച്ചിട്ടുണ്ട്. ഇതിലൊരാളായ ഷിജി യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമിതി അംഗം കൂടിയാണ്.

എഐടിയുസി പ്രകടനത്തിൽ പങ്കെടുത്ത മുൻ ലോക്കൽ സെക്രട്ടറി കൂടിയായ അനിൽ സി കുമാർ നിലവിൽ സിപിഐഎമ്മിന്റെ പഞ്ചായത്തംഗമാണ്. എന്നാൽ പാർട്ടിയിൽ നിന്ന് രാജി വച്ചിട്ടില്ലെന്നും തൊഴിലാളി പ്രസ്ഥാനത്തിൽ നിന്ന് മാത്രമാണ് മാറിയതെന്നും അനിൽ സി കുമാർ പറഞ്ഞു. പുൽപ്പള്ളി ഏരിയയിൽ നിന്നുള്ള ജില്ല കമ്മറ്റി അംഗമായ ടി ബി സുരേഷ് പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലും പുതുക്കാത്തത് വിഭാഗീയതയുടെയും എതിർപ്പിന്റെയും ഭാഗമായാണെന്നാണ് സൂചന.

By admin

Leave a Reply

Your email address will not be published. Required fields are marked *