വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അമിതവണ്ണമുള്ളവരെ സംബന്ധിച്ച്. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. ഡയറ്റും വര്‍ക്കൗട്ടും തീരുമാനിക്കുമ്പോള്‍ ഓരോരുത്തരും അവരവരുടെ പ്രായം, ലിംഗം, ആരോഗ്യാവസ്ഥ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടതുമുണ്ട്.എന്തായാലും വണ്ണം കുറയ്ക്കാൻ ചെയ്യുന്ന ഡയറ്റിന്‍റെ കാര്യം പറയുമ്പോള്‍ മിക്കവരും പറയുന്നൊരു കാര്യമാണ് പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന്. ചിക്കൻ,  പയര്‍ വര്‍ഗങ്ങളെല്ലാം ഇത്തരത്തില്‍ ധാരാളം പേര്‍ കഴിക്കാറുണ്ട്.
പ്രോട്ടീൻ കാര്യമായി കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിനും നല്ലത്, ഒപ്പം ദീര്‍ഘനേരത്തേക്ക് വിശപ്പിനെ ശമിപ്പിച്ചുനിര്‍ത്തുന്നതിലൂടെ അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും. എന്നാല്‍ ഡയറ്റിലാണെന്ന് വച്ച് പ്രോട്ടീനുള്ള എല്ലാ ഭക്ഷണങ്ങളും കഴിക്കരുത്. വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ നിങ്ങള്‍ കഴിക്കരുതാത്ത ചില പ്രോട്ടീൻ വിഭവങ്ങള്‍ കൂടിയുണ്ട്. അല്ലെങ്കില്‍ ഡയറ്റില്‍ പരിമിതപ്പെടുത്തേണ്ട പ്രോട്ടീൻ വിഭവങ്ങള്‍ കൂടിയുണ്ട്. ഇവയെ കുറിച്ച് കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 
പാക്കറ്റില്‍ വരുന്ന തൈര്- കട്ടത്തൈര്- യോഗര്‍ട്ട്, പ്രോട്ടീൻ ഷേയ്ക്കുകള്‍, പ്രോട്ടീൻ പാക്ക്ഡ് സെറില്‍സ്, പ്രോസസ്ഡ് ചീസ്, ഗ്രനോള ബാര്‍സ്, ഫാസ്റ്റ്-ഫുഡ് സലാഡുകള്‍, ഫ്ളേവേഡ് നട്ട്സ്, റെഡ് മീറ്റ് എന്നിങ്ങനെയുള്ള പ്രോട്ടീനടങ്ങിയ വിഭവങ്ങളാണ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ കഴിക്കാൻ നല്ലതല്ലാത്തത്. 
അതായത് ചില പ്രോട്ടീനുകള്‍ നമ്മുടെ ശരീരഭാരം വര്‍ധിപ്പിക്കും. ഇപ്പോള്‍ പട്ടികപ്പെടുത്തിയ വിഭവങ്ങളെല്ലാം ഇത്തരത്തിലുള്ളതാണ് എന്നതാണ് സത്യം. അതിനാലാണ് ഇവ മാറ്റിനിര്‍ത്താൻ നിര്‍ദേശിക്കുന്നത്. ചിക്കന് പകരം റെഡ് മീറ്റ്, അതുപോലെ കടയില്‍ നിന്ന് വാങ്ങിക്കുന്ന യോഗര്‍ട്ട്, ഗ്രനോള ബാര്‍സ് ഒക്കെ ധാരാളം പേര്‍ ഡയറ്റിലായിരിക്കുമ്പോഴും കഴിക്കുന്നതാണ്. എന്നാലിവയെല്ലാം പരിമിതപ്പെടുത്തുന്നതോ ഒഴിവാക്കുന്നതോ ആണ് ഉചിതം. 
ഇനി, പ്രോട്ടീൻ ഭക്ഷണങ്ങളാണെങ്കിലും കഴിക്കുന്ന അളവും എപ്പോഴും ശ്രദ്ധിക്കണം. അളവ് കൂടിയാല്‍ അത് എത്ര ഗുണകരമായ- അനുയോജ്യമായ വിഭവമാണെങ്കിലും വണ്ണം കൂടാൻ കാരണമാകും. ദിവസത്തില്‍ മുതിര്‍ന്ന ഒരാള്‍ക്ക്, ഒരു കിലോ ഭാരത്തിന്  0.8- 1 ഗ്രാം പ്രോട്ടീൻ എന്ന അളവിലാണ് കഴിക്കേണ്ടത്. അതായത് 65 കിലോ ശരീരഭാരമുള്ള ഒരാള്‍ ദിവസത്തില്‍ 52- 65 ഗ്രാം വരെ പ്രോട്ടീൻ കഴിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടെയും കായികമായ അധ്വാനത്തിന് കൂടി അനുസരിച്ചിരിക്കും. കായികാധ്വാനം കുറവാണെങ്കില്‍ പ്രോട്ടീൻ അല്‍പം കുറഞ്ഞിരുന്നാലും പ്രശ്നമില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *