തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിരൂപമാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വാക്കുകളില്‍ക്കൂടി പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത് ബിജെപിയിലേക്കുള്ള പാലമായാണ്.
ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നൽകിയെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ലാവ്ലിന്‍ കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കെതിരെ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഐഎമ്മിനുള്ളത്. ബിജെപിക്കെതിരെയൊ മോദിക്കെതിരെയൊ ഒരക്ഷരം ഉരിയാടാനുള്ള തന്റേടം പിണറായി വിജയനില്ല.
കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്റെ നന്ദി സൂചകമായി ബിജെപി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ഇഡിക്ക് വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തോൽപ്പിക്കാനാണ് സിപിഐഎം ശ്രമിച്ചത്. എന്നാല്‍ അവര്‍ മൂന്ന് തവണ ജയിച്ച ബാഗെപ്പള്ളിയില്‍ തോറ്റ് മൂന്നാം സ്ഥാനത്തുപോയപ്പോള്‍ കോണ്‍ഗ്രസാണ് അവിടെ ജയിച്ചത്.
 ജനാധിപത്യവിശ്വാസികളെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തിനു വേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോള്‍ പിണറായിയും സംഘവും കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബിജെപിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചത്. രാജ്യത്തെ ജനാധിപത്യ മതേതരശക്തികള്‍ ഇന്ത്യാമുന്നണി രൂപീകരിച്ചപ്പോള്‍ അതിന്റെ ഏകോപന സമിതിയിലേക്ക് സിപിഎം കേന്ദ്രനേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിര്‍ദേശപ്രകാരമാണ്. സിപിഐഎം എന്ന ദേശീയ കക്ഷിയുടെ മുകളില്‍ കേരള സിപിഐഎമ്മും അതിനു മുകളില്‍ കണ്ണൂര്‍ സിപിഐഎമ്മും അതിനെല്ലാം മുകളില്‍ പിണറായി വിജയനുമാണ്. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രബിന്ദു പിണറായി വിജയനാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി

By admin

Leave a Reply

Your email address will not be published. Required fields are marked *