ഭുവനേശ്വര്‍: ഒഡീഷയില്‍ അയല്‍വാസി റോഡിലേക്ക് വലിച്ചിഴച്ച് വിവസ്ത്രയാക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. വളര്‍ത്തുനായ തുടര്‍ച്ചയായി കുരച്ചതിന് അയല്‍വാസികളാണ് ആക്രമണം നടത്തിയത്.
വളര്‍ത്തുനായയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിക്കയറ്റിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതായും നിയമ നടപടി സ്വകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഭുവനേശ്വര്‍ ക്യാപിറ്റല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ച സമയത്ത് അയല്‍വാസികളായ ചന്ദന്‍ നായകും അച്ഛനും വീടിന് വെളിയില്‍ നിന്ന് ഒച്ചയെടുക്കുന്നത് കേട്ടാണ് താന്‍ പുറത്തിറങ്ങിയത്. വളര്‍ത്തുനായയുടെ കുര നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുവരും ഒച്ചയെടുത്തത്. അതിനിടെ ചന്ദന്‍ തനിക്ക് നേരെ അസഭ്യം പറഞ്ഞതായും യുവതി പറയുന്നു.
പട്ടിയുടെ കുര നിര്‍ത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ തന്നെ റോഡിലേക്ക് വലിച്ചിഴച്ചു. തുടര്‍ന്ന് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായും 23കാരിയുടെ പരാതിയില്‍ പറയുന്നു. തനിക്ക് നേരെ ചന്ദന്‍ ലൈംഗികാതിക്രമം നടത്തിയതായും ചന്ദന്റെ അച്ഛന്‍ ഇതിന് കൂട്ടുനിന്നതായും യുവതി ആരോപിക്കുന്നു. തന്നെ ചന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇതിന് പിന്നാലെ ചന്ദന്‍ തന്റെ വളര്‍ത്തുനായയെ ആക്രമിക്കുകയും ചെയ്തു. വളര്‍ത്തുനായയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് വടി കുത്തിക്കയറ്റി. നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരാതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ക്യാപിറ്റല്‍ പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.