ഡല്‍ഹി; ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയുടെയും ഹ്യൂമന്‍ റിസോഴ്‌സ് (എച്ച്ആര്‍) മേധാവി അമിത് ചക്രവര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 25 വരെ നീട്ടി. ഇരുവരുടെയും 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. 
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) യുഎപിഎ നിയമത്തിന്റെയും ഐപിസിയുടെയും വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്നതിനും രാജ്യത്തിനെതിരായ അതൃപ്തി ഉണ്ടാക്കുന്നതിനുമായി ചൈനയില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നതെന്ന് എഫ്‌ഐആര്‍ പറയുന്നു.
പ്രബീര്‍ പുര്‍കയസ്തയുടെയും അമിത് ചക്രവര്‍ത്തിയുടെയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു. തീവ്രവാദ വിരുദ്ധ നിയമമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിനെതിരായ ഹര്‍ജി തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ഇരുവരും ചോദ്യം ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് പ്രബീറിന് വേണ്ടി ഹാജരായത്. ഒരു തെറ്റും കൂടാതെ ജയിലില്‍ കഴിയുന്ന പ്രബീര്‍ പുര്‍കയസ്ത മുതിര്‍ന്ന പൗരനായതിനാല്‍ എത്രയും വേഗം കേള്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടു. 
കേന്ദ്രസര്‍ക്കാരിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും , ചൈന അനുകൂല വാര്‍ത്തകളുടെ പ്രചാരണത്തിനുമായി  ചൈനയില്‍ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചത്.  ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും അമിത് ചക്രവര്‍ത്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസിലും, ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട 40 ഓളം മാധ്യമപ്രവര്‍ത്തകരുടെയും വസതികളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 
ഡല്‍ഹിയിലും എന്‍സിആറിലുമായി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ന്യൂസ്‌ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സീല്‍ ചെയ്തിരുന്നു. വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ യുഎപിഎ പ്രകാരമാണ് നടപടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഊര്‍മിലേഷ്, ഔനിന്ദ്യോ ചക്രവര്‍ത്തി, അഭിസര്‍ ശര്‍മ, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ആക്ഷേപഹാസ്യകാരനായ സഞ്ജയ് രജൗറ, സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡവലപ്മെന്റിലെ ഡി രഘുനന്ദന്‍ എന്നിവരെ ആറുമണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. 
ഇന്ത്യയില്‍ ചൈനയ്ക്ക് അനുകൂലമായ പ്രചാരണത്തിനായി യുഎസ് കോടീശ്വരനായ നെവില്‍ റോയ് സിംഗാമില്‍ നിന്ന് വെബ്സൈറ്റ് പണം കൈപ്പറ്റിയതായി അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, മാധ്യമ സ്ഥാപനം ഡല്‍ഹി പോലീസിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെയും (ഇഒഡബ്ല്യു) നിരീക്ഷണത്തിലായിരുന്നു
 

By admin

Leave a Reply

Your email address will not be published. Required fields are marked *