ആലപ്പുഴ: കൗതുകങ്ങള്‍ നിറഞ്ഞതാണ് ജനനായകനായ വി.എസിന്റെ ജീവിതചര്യ. രാവിലെ എണ്ണതേച്ച് വെയില്‍ കായുന്നതില്‍ തുടങ്ങുന്നതാണ് ദിനാരംഭം. ചെരുപ്പുകളോടുള്ള അടങ്ങാത്ത ഇഷ്ടവും കുട്ടനാടന്‍ പുഴമീനിന്റെ രുചിയും വി.എസിന് എന്നും ബലഹീനതയാണ്. 
പ്രായമേറിയപ്പോഴും വി.എസിലെ യുവത്വം പിടിച്ചു നിറുത്തിയത് മുടങ്ങാത്ത ദിനചര്യകളും ആരോഗ്യ സംരക്ഷണവുമാണെന്ന് അദ്ദേഹത്തിന്റെ മുന്‍ പി.എസ് എ.ജി. ശശിധരന്‍ പറഞ്ഞു.
‘രാവിലെ എഴുനേറ്റാല്‍ കുറച്ച് നേരം അദ്ദേഹം യോഗ ചെയ്യും. പല്ല് തേക്കുന്നതിന് പോലും ചിട്ടയുണ്ട്. ആദ്യം ഉമിക്കരിയിട്ട് തേക്കും. ഇതിന് ശേഷം ബ്രഷും കൊണ്ടും കൈ കൊണ്ടും തേക്കും. ഇതിന് ശേഷമാണ് യോഗ. പിന്നാലെ എണ്ണ തേച്ച് വെയിലത്ത് നില്‍ക്കും. കുളി കഴിഞ്ഞ് ഒരു കൈലിയും ബനിയനുമിട്ട് ഓഫിസിലെത്തിയാല്‍ പത്രം വായിക്കും’- എ.ജി. ശശിധരന്‍ പറഞ്ഞു.
കണിശതയാര്‍ന്ന ജീവിതത്തില്‍ അധികമാര്‍ക്കും അറിയാത്ത ചില ഇഷ്ടങ്ങളും വി.എസിന് ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ചെരിപ്പുകളോടുള്ള പ്രിയം. ‘ചെരുപ്പുകള്‍ അദ്ദേഹത്തിന് ബലഹീനതയാണ്. ഏതെങ്കിലും ചെരുപ്പ് കണ്ടാല്‍ അതുപോലെത്തെ ചെരുപ്പ് തന്നെ വേണമെന്ന് ശാഠ്യം പിടിക്കും. ചെരുപ്പ് ഇഷ്ടപ്പെട്ടാല്‍ ജുബ്ബയുടെ പോക്കറ്റില്‍ നിന്ന് ഒരു പൊതിയെടുക്കും. പ്ലാസ്റ്റിക് കവറിനകത്ത് നോട്ടുകള്‍ പൊതിഞ്ഞ് ചരടുകൊണ്ട് കെട്ടിയതാണ് പൊതി. അതില്‍ നിന്ന് പണമെണ്ണി നോക്കി നല്‍കി തിരിച്ച് അതേ പോലെ എടുത്ത് വയ്ക്കും’- ശശിധരന്‍ ഓര്‍ത്തെടുത്തു.
ചില മത്സ്യങ്ങളോടു വി.എസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ബ്രാലിനോടും ഏറെ പ്രിയമുള്ള വ്യക്തിയായിരുന്ു വി.എസ്. ‘കുട്ടനാട്ടില്‍ വി.എസിനെ കാണാന്‍ വരുന്ന പലരും ബ്രാലിനെ പിടിച്ച് ഒരു ടാങ്കിലിട്ട് ജീവനോടെ കൊണ്ടു കൊടുക്കുമായിരുന്നു’ എ.ജി. ശശിധരന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *