മുംബൈ: ഗച്ച്‌റോളിയില്‍ ഒരു മാസത്തിനുള്ളില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ പിടിയില്‍. അഞ്ചുപേരെയും പ്രതികള്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ അകന്ന ബന്ധുക്കളായ സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
സെപ്തംബര്‍ 26നും ഒക്ടോബര്‍ 15നും ഇടയിലാണ് കൊലപാതക പരമ്പരകള്‍ നടന്നത്. അഹേരി തഹസില്‍ കീഴിലുള്ള മഹാഗാവ് ഗ്രാമവാസിയായ ശങ്കര്‍ പി. കുംഭാരെയും ഗദാഹേരിയില്‍ താമസക്കാരനായ ശങ്കര്‍ കുംഭാരെ, ഭാര്യ വിജയ, മകന്‍ റോഷന്‍ കുംഭാരെ, മകള്‍ കോമള്‍ ദഹാഗോങ്കര്‍, വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു മകള്‍ വര്‍ഷ ഉറാഡെ എന്നിവര്‍ ഒരേ രോഗലക്ഷണങ്ങളോടെ ഗുരുതരാവസ്ഥയിലെത്തി മരിക്കുകയായിരുന്നു. ഇത് സംശയത്തിന് കാരണമാകുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ വിഷത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നാണ് സംഘമിത്ര റോഷന്‍ കുംഹാരയെ വിവാഹം ചെയ്തതത്. ഭര്‍തൃവീട്ടിലുള്ളവര്‍ തന്നെ ഉപദ്രവിച്ചെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ശങ്കര്‍ കുംഭാരെയുടെ ഭാര്യാസഹോദരന്റെ ഭാര്യയാണ് റോസ രാംടെകെ. ശങ്കറിന്റെ ഭാര്യ വിജയയുമായി പൂര്‍വിക സ്വത്ത് സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിരുന്നു. വ്യത്യസ്ത കാരണങ്ങളുമായാണ് ഇരുവരും പകവീട്ടാനിറങ്ങിയത്. കൊല നടത്താന്‍ തെലങ്കാനയില്‍ പോയി പ്രത്യേക വിഷം കണ്ടെത്തിയതായി പ്രതികള്‍ പറഞ്ഞതായി എസ്.പി. നീലോത്പാല്‍ പറഞ്ഞു.