കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍. തൊടുപുഴ, കാരിക്കോട് പാമ്പുതുക്കിമാക്കല്‍ നിസാര്‍ സിദ്ദീഖാ(42)ണ് അറസ്റ്റിലായത്.
പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയാപ്പയിലേക്കു പോകവെ യുവതിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. കോഴിക്കോട് ദുബായ് ബസാറിലുള്ള കടയില്‍ മൊബൈല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകള്‍ നിലവിലുണ്ട്. തൊടുപുഴ പോലീസ് കാപ്പ ചുമത്തി ആറുമാസം ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ രണ്ടു മാസം മുമ്പ് മൂവാറ്റുപുഴ ജയിലില്‍ നിന്ന് ഇറങ്ങിയശേഷം കോഴിക്കോട് താമസിച്ചു വരികയായിരുന്നു.
നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍. ലീല, എ.എസ്.ഐമാരായ എം.കെ. സജീവന്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, ഇ. സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.