തോട്ടിപ്പണി സമ്പ്രദായം പൂർണമായി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. ഇതിന് സർക്കാരുകൾ ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന സമയത്ത് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
മനുഷ്യന്റെ അന്തസ്സിന് വേണ്ടിയാണ് ഈ നടപടിയെന്നും പരമോന്നത കോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. ഓവുചാല്‍ വൃത്തിയാക്കുമ്പോഴുണ്ടാകുന്ന അപകടം മൂലം സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ശുചീകരണത്തൊഴിലാളിക്ക് മറ്റ് ശാരീരിക വിഷമതകള്‍ ഉണ്ടായാല്‍ 10 ലക്ഷം രൂപ വരെ നല്‍കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേരാണ് മരിച്ചത്. ഈ മരണങ്ങളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണെന്നും സർക്കാർ കണക്കുകളിൽ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *