സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എന്നാല്‍ കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. 23, 24 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
23-10-2023 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്
24-10-2023 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ തുടക്കം ദുര്‍ബലമായിരിക്കും. അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം ശക്തിപ്രാപിക്കും. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യുനമര്‍ദ്ദം തീവ്രന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇത് ഒക്ടോബര്‍ 22 ഓടെ തീവ്ര ചുഴലിക്കാറ്റായി മാറി വടക്ക് -വടക്ക് പടിഞ്ഞാര്‍ ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 24 രാവിലെയോടെ തെക്കന്‍ ഒമാന്‍ – യെമന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഒക്ടോബര്‍ 23 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇത് തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.