കുമളി: വനിത ഫോറസ്റ്റ് ഗാര്‍ഡിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തേനിയില്‍ ഫോറസ്റ്ററി ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ നാല്‍പതുകാരിയെയാണ് ഓട്ടോ ഡ്രൈവര്‍ പെരിയകുളം നോര്‍ത്ത് വടകരൈ നവനീത കൃഷ്ണന്‍ (21) തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇയാളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ യുവതിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ച മൂന്നിന് തേനി ജില്ലയിലെ പെരിയകുളത്താണ് സംഭവം. വൈഗ ഡാം ഏരിയയിലെ ഫോറസ്ട്രി ട്രെയിനിങ് കോളജില്‍ ഗാര്‍ഡുകളുടെ മൂന്നു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വനിതാ ഗാര്‍ഡ്. ധര്‍മപുരിയിലെ അരൂര്‍ സ്വദേശിനിയായ യുവതി യാത്ര ചെയ്ത ബസ് പെരിയകുളം സ്റ്റാന്‍ഡില്‍ കയറാതെ തേനി റോഡിലെ മുനന്തല്‍ ബസ് സ്‌റ്റോപ്പിലാണ് നിര്‍ത്തിയത്.
ബസില്‍ നിന്നിറങ്ങിയ ഇവര്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ബസ് കാത്തുനിന്നു. ഇതേ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്വാമിവേല്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡും എത്തി. ഇരുവരും ഓട്ടോയില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം. പെരിയകുളം ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഓട്ടോ ഇവിടേക്ക് പോകാതെ ഊടുവഴിയിലേക്ക് കയറി.
തുടര്‍ന്ന് താമരക്കുളം ലക്ഷ്മിപുരം വഴി തേനി കോടതിപടിക്ക് സമീപം വരട്ടയാര്‍ ഭാഗത്തേക്ക് പോയി. സംശയം തോന്നിയതോടെ സ്വാമിവേല്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. സ്വാമിവേല്‍ ഇറങ്ങിയതോടെ വനിതാ ഗാര്‍ഡുമായി ഓട്ടോ പോയി. ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ വനിതാ ഗാര്‍ഡിന് വീണ് പരിക്കേല്‍ക്കുകയുമായിരുന്നു. പ്രതി നിരവധി പോസ്‌സോ കേസില്‍ പ്രതിയും ഗുണ്ടാ ചട്ട പ്രകാരം ജയിലില്‍ കഴിഞ്ഞിരുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു.