പാലാ: കേരള കോണ്‍ഗ്രസ് – എം ഇടതു മുന്നണിയിലെത്തിയതിനെതുടര്‍ന്നാണ് സിപിഎമ്മിന്‍റെ ചരിത്രത്തിലാദ്യമായി പാലാ നഗരസഭയില്‍ ഒരു സിപിഎം അംഗത്തെ ചെയര്‍പേഴ്സണാക്കാന്‍ അവസരം ലഭിച്ചത്. പക്ഷേ നഗരസഭയിലെ സീറ്റ് വിഭജനം മുതല്‍ അത് കീറാമുട്ടിയായിരുന്നു.
പാര്‍ട്ടി അംഗങ്ങളെ സിപിഎമ്മിന്‍റെ പൊതുരീതികള്‍ക്കനുസരിച്ചുള്ള അച്ചടക്കത്തിലേയ്ക്ക് കൊണ്ടുവരാന്‍ പാലായുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ഇടതു ജനാധിപത്യ മുന്നണിയിലെ ഏറ്റവും ശക്തനായ നേതാവും മൂന്നാമത് ഘടകകക്ഷി നേതാവുമായ ജോസ് കെ മാണിക്കെതിരെ സിപിഎം കൗണ്‍സിലര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പോസ്റ്റ് ഇടുന്ന സാഹചര്യം ഉണ്ടായി. എന്നാലത് വിവാദമോ പരാതിയോ ആക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല.
പിന്നീട് നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിനിടെ സിപിഎം കൗണ്‍സിലര്‍ വിജയിച്ചിട്ടും ജോസ് കെ മാണിക്കെതിരെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യം ഉണ്ടായി. ഇന്ന് കൗണ്‍സില്‍ യോഗത്തിനിടെ ബിനു അതിക്രമം നടത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലായ ചെയര്‍പേഴ്സണെകൊണ്ടും ജോസ് കെ മാണിക്കെതിരെ വിമര്‍ശനം നടത്തുന്ന സാഹചര്യം ഉണ്ടായി. അന്ന് സിപിഎം ഇടപെട്ട് അത് തടഞ്ഞു.
പിന്നീടും ചെയര്‍പേഴ്സന്‍റെ പക്കല്‍ ജോസ് കെ മാണിക്കെതിരെ പ്രസ്താവന നടത്താന്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും അവരതിന് തയ്യാറായില്ല. അത് ചെയര്‍പേഴ്സണെതിരെ ഒരു വിഭാഗം തിരിയാനിടയാക്കി.
മുന്നണിയിലിരുന്ന് മുന്നണിക്കെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്ന സാഹചര്യം പാലായിലെ ഇടതു മുന്നണിയില്‍ കുറേക്കാലമായി അസ്വാരസ്യങ്ങള്‍ക്ക് കാരണമാണ്. അതിന്‍റെ ബാക്കിപത്രമാണ് പുതിയ അതിക്രമ സംഭവങ്ങള്‍.
കൗണ്‍സില്‍ യോഗം നിരന്തരം അടിപിടിക്ക് കാരണമാകുന്നതും അതിന്‍റെ ഒരറ്റത്ത് സിപിഎം കൗണ്‍സിലര്‍ ഉണ്ടാകുന്നതും സിപിഎമ്മിന് തലവേദനയാണ്. ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയിലുണ്ടായ സംഭവങ്ങളില്‍ അപ്പുറവും ഇപ്പുറവും ഉള്ളതും സിപിഎം കൗണ്‍സിലര്‍മാര്‍ തന്നെ.
ഇന്ന് സിപിഎം അംഗമായ ചെയര്‍പേഴ്സണോട് അതിക്രമം കാണിച്ച അതേ ബിനു പുളിക്കക്കണ്ടമാണ് രണ്ട് വര്‍ഷം മുമ്പ് ഭരണകക്ഷിയിലെ തന്നെ മറ്റൊരു കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിനെയും കൗണ്‍സില്‍ യോഗത്തിനിടെ കയ്യേറ്റം ചെയ്തത്. അതും മുന്നണി ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
നിലവിലെ ചെയര്‍ പേഴ്സണെതിരെ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ വഴി വളരെ മോശമായ നിലയില്‍ പ്രചരണം ഉണ്ടാവുകയും അവരതിനെതിരെ പരാതി നല്‍കിയതുമാണ്.
പൊതുവേ പാലായുടെ അന്തസിന് ചേരാത്ത രാഷ്ട്രീയ രീതികള്‍ നിരന്തരം പാലായില്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ജനങ്ങള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. വര്‍ഷാവര്‍ഷം പാര്‍ട്ടിയും രാഷ്ട്രീയവും മാറുക, ഇഷ്ടമില്ലാത്തവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തുക, കൈയ്യേറ്റം ചെയ്യുക എന്നിവയെല്ലാം പാലായ്ക്ക് പരിചിതമല്ലാത്ത രാഷ്ട്രീയ ശീലങ്ങളാണ്.
ആര്‍വി തോമസും ചെറിയാന്‍ കാപ്പനും കെഎം മാണിയും ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളിയും ബാബു മണര്‍കാടുമൊക്കെ പിന്തുടര്‍ന്നു വന്ന അന്തസായ രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തിനാണ് ഇപ്പോള്‍ ഭംഗം സംഭവിച്ചിരിക്കുന്നത്.
പാലായുടെ സംസ്കാരത്തിന് ഭംഗം വരാത്ത രാഷ്ട്രീയ കൂട്ടുകെട്ടിനൊപ്പം നില്‍ക്കാന്‍ സിപിഎമ്മിനും ബാധ്യതയുണ്ട്. പാലായില്‍ കേരള കോണ്‍ഗ്രസ് – എമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ശീലങ്ങള്‍ കൊണ്ടുനടക്കാന്‍ സിപിഎമ്മിനും കഴിയില്ല. അതിനാല്‍ തന്നെ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ക്കിടയിലുണ്ടായ അതിക്രമം കര്‍ശന നിലപാടില്‍ത്തന്നെ കൈകാര്യം ചെയ്യാന്‍ സിപിഎം മടിക്കില്ല.