ദുബായ്: ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന തലശേരി സ്വദേശിയായ നിധിന്‍ ദാസാ(24) ണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം നിറമരുതൂര്‍ ശാന്തി നഗര്‍ സ്വദേശി യാക്കൂബ് അബ്ദുള്ള (42) അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു.
ബര്‍ ദുബായ് അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്നു യാക്കൂബ്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബായില്‍ എത്തിയതായിരുന്നു നിധിന്‍. അപകടത്തില്‍ ഒട്ടേറെ മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ട് പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിനുസമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങില്‍ 12.20ന് വാതകചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.