ടെല്‍ അവീവ്: ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. തീവ്രവാദമെന്ന തിന്മയ്ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് വ്യാഴാഴ്ച ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്സില്‍ കുറിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുമായി സുനക് കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലിന്റെ അയല്‍ രാജ്യങ്ങളും ഋഷി സുനക് സന്ദര്‍ശിക്കും.
യുദ്ധത്തില്‍ ഇസ്രയേലിലും പലസ്തീനിലും ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ഋഷി സുനക് അനുശോചനം അറിയിക്കുമെന്നും യുദ്ധം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുമെന്നും സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.