ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും പാര്‍പ്പിടവും ആവശ്യമാണ്. ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ കാബിനറ്റിനോട് താന്‍ അഭ്യര്‍ത്ഥിച്ചതായും ബൈഡന്‍ പറഞ്ഞു. ഇസ്രായേലിലെ ടെല്‍ അവീവിലെ തന്റെ ഹ്രസ്വ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. 
‘ഈ പണം ഒരു ദശലക്ഷത്തിലധികം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘര്‍ഷബാധിതരുമായ പലസ്തീനികള്‍ക്ക് സഹായകമാകും. കൂടാതെ ഹമാസോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിലേക്കോ പോകാതെ ഈ സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നതിന് ഞങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്’, അദ്ദേഹം വ്യക്തമാക്കി. 
ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യുഎസ് നിലപാട് ബൈഡന്‍ ആവര്‍ത്തിച്ചു. ‘ഇസ്രായേലിനെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു രാജ്യത്തിനോ മറ്റേതെങ്കിലും ശത്രുക്കള്‍ക്കോ ഉള്ള എന്റെ സന്ദേശം ഒരാഴ്ച മുമ്പുള്ളതുപോലെ തന്നെ തുടരുന്നു.’
പിന്നാലെ ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തെ യുഎസിലെ 9/11 ഇരട്ട ടവര്‍ ആക്രമണവുമായി ബൈഡന്‍ താരതമ്യം ചെയ്തു. ‘ഇത് ഇസ്രായേലിന്റെ 9/11 എന്ന് വിശേഷിപ്പിച്ചത് ഞങ്ങള്‍ കണ്ടു. എന്നാല്‍ ഇസ്രായേലിന്റെ വലുപ്പമുള്ള ഒരു രാജ്യത്തിന് ഇത് പതിനഞ്ച് 9/11 പോലെയായിരുന്നു’, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ യുദ്ധ നിയമം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
”നിങ്ങള്‍ ഒരു ജൂത രാഷ്ട്രമാണ്, എന്നാല്‍ നിങ്ങള്‍ ഒരു ജനാധിപത്യ രാജ്യം കൂടിയാണ്,” ഇസ്രായേല്‍ നേതാക്കളെ കണ്ടതിന് ശേഷം ബൈഡന്‍ പറഞ്ഞു. ‘അമേരിക്കയെപ്പോലെ, നിങ്ങളും തീവ്രവാദികളുടെ നിയമങ്ങള്‍ക്കനുസരിച്ചല്ല ജീവിക്കുന്നത്. നിങ്ങള്‍ നിയമവാഴ്ചയിലാണ് ജീവിക്കുന്നത്… നിങ്ങളെ നിങ്ങളാക്കുന്നതിനെ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല.’, അദ്ദേഹം വ്യക്തമാക്കി. 
പലസ്തീനിലെ ബഹുഭൂരിപക്ഷവും ഹമാസുമായി ബന്ധമുള്ളവരല്ലെന്ന് ബൈഡന്‍ ഊന്നിപ്പറഞ്ഞു. ഹമാസിന് ഗുണം ലഭിക്കാതെ ഗാസയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കാനുള്ള പദ്ധതി വികസിപ്പിക്കാന്‍ യുഎസും ഇസ്രായേലും സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമുള്ള മാനുഷിക സഹായത്തെക്കുറിച്ചുള്ള ബൈഡന്റെ പ്രഖ്യാപനം. നെതന്യാഹുവുമായി ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ട 9 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇക്കാര്യം അറിയിച്ചത്.
ഇസ്രയേല്‍- ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ബൈഡന്‍ ഭരണകൂടം. ഹമാസിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് യുഎസ് ഉപരോധം പുറപ്പെടുവിച്ചു. ഇറാനുമായി ബന്ധമുള്ള ഒരു വ്യക്തി, ഗാസ ആസ്ഥാനമായുള്ള വെര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ച് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് നടപടി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *