ഇടുക്കി: ഇടുക്കിയില് അംഗപരിമിതനായ യാത്രക്കാരന് സ്വകാര്യ ബസിൽ ഇരിക്കാൻ സീറ്റ് സൗകര്യം ഏർപ്പെടുത്താൻ തയാറാകാതിരുന്ന കണ്ടക്ടറുടെ ലൈസൻസ് റദ്ദു ചെയ്തു.
മുട്ടം അയ്യംപാറയിൽ അജിത്ത് വേണുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പുറമെ ബസിന് പിഴ അടപ്പിക്കാനും ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ ടി.എ. നസീർ നിർദേശം നൽകി. തൊടുപുഴ -മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന ശക്തി ബസിൽ കയറിയ അംഗപരിമിതനായ യാത്രക്കാരന് ഇരിക്കാൻ സീറ്റ് നൽകാതെ ബസിലെ ക്ലീനർ ഇവർക്കായി സംവരണം ചെയ്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നാണ് അംഗപരിമിതനായ വ്യക്തി ബസിൽ കയറിയത്. ബസിന്റെ പിന്നിൽ അംഗപരിമിതർക്ക് സംവരണം ചെയ്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന ബസിലെ ക്ലീനറോട് തനിക്ക് അവകാശപ്പെട്ട സംവരണ സീറ്റിൽ നിന്നും മാറിത്തരാൻ ഇദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. സീറ്റ് ഒഴിവായി കൊടുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ക്ലീനർ തയാറായില്ല. യാത്രക്കാർ വിവരം കണ്ടക്ടറെ അറിയിച്ചെങ്കിലും യാതൊരു സഹായവും ചെയ്യാതെ അയാളും ക്ലീനറുടെ പക്ഷം ചേർന്ന് പ്രകോപിതനായി സംസാരിക്കുകയാണ് ചെയ്തത്. മുട്ടം കോടതി ജംഗ്ഷൻ വരെ നിന്നു യാത്ര ചെയ്ത അംഗപരിമിതനായ യാത്രക്കാരന് മറ്റൊരു യാത്രക്കാരൻ സീറ്റൊഴിവായി കൊടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഇടപെടലുണ്ടായത്. എൻഫോഴ്സ്മെന്റ് ആർടിഒ മൂലമറ്റത്തെത്തി പരിശോധന നടത്തിയാണ് ബസിനെതിരെ നടപടി എടുത്തത്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ മോട്ടോർ വാഹന വകുപ്പിന്റെ ഇടുക്കി എൻഫോഴ്സ്മെന്റ് കണ്ട്രോൾ റൂമിലെ ടോൾഫ്രീ നന്പരിൽ അറിയിക്കണമെന്നും ആർടിഒ അറിയിച്ചു. ടോൾ ഫ്രീ നന്പർ 9188961206.