സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഇന്ന് വ്യാപകമാണ്. ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കാത്തവരും ഇന്ന് വിരളമായിരിക്കും. ബുദ്ധിപരമായ ഉപയോഗമാണ് സോഷ്യല്‍ മീഡിയയുടെ കാര്യത്തിലുണ്ടാകേണ്ടത്. അതേസമയം ഏത് ലക്ഷ്യത്തിലായാലും അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അവയെ ആശ്രയിക്കുന്നതോ നമുക്ക് നല്ലതല്ല.
വിദ്യാര്‍ത്ഥികള്‍ അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അവരുടെ മാനസികാരോഗ്യം തകരാറിലാക്കുന്നു എന്നാണ് കണ്ടെത്തല്‍. മിക്കവരെയും ഫോണ്‍ അഡിക്ഷൻ ബാധിച്ചിട്ടുള്ളതായി പഠനം സാക്ഷ്യപ്പെടുത്തുന്നു. ഫോണില്ലാതെ ജീവിക്കാൻ പേടി, ഫോണ്‍ നഷ്ടപ്പെടുമോ എന്ന ഭയം, അല്‍പനേരം ഫോണ്‍ കയ്യിലില്ലെങ്കില്‍ പ്രശ്നമാകുന്ന അവസ്ഥയെല്ലാം ഇവരില്‍ ഗവേഷകര്‍ കണ്ടു.
ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം പേരിലും സോഷ്യല്‍ മീഡിയ ഉപയോഗം മൂലം ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, വിഷാദം, അപകര്‍ഷത എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായിട്ടുള്ളതായും പഠനം വിലയിരുത്തുന്നു. മറ്റുള്ളവരെ നമ്മളുമായി താരതമ്യപ്പെടുത്താനുള്ള മനുഷ്യസഹജമായ പ്രവണതയാണ് ഇവയ്ക്കെല്ലാം കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
നാല് മണിക്കൂറിലധികം ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരിലാണ് ഇതുമായി ബന്ധപ്പെട്ട മാനസികപ്രശ്നങ്ങള്‍ എറെയും കണ്ടതെന്നും പഠനം വ്യക്തമാക്കുന്നു. ആരോഗ്യകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പരിശീലിക്കുകയെന്നത് മാത്രമാണ് ഇത്തരത്തിലുള്ള വെല്ലുവിളികളൊഴിവാക്കാൻ നമുക്ക് ചെയ്യാവുന്നത്.