തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടികയില്‍ 2,68,51,297 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,27,26,359 പുരുഷന്‍മാരും 1,41,24,700 സ്ത്രീകളും 238 ട്രാന്‍സ്‌ജെന്‍ഡര്‍കളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ  അനര്‍ഹരായ 8,76,879 വോട്ടര്‍മാരെ ഒഴിവാക്കിയും പുതിയതായി പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉള്‍പ്പെടുത്തിയുമാണ് അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പുതിയ വോട്ടര്‍മാരില്‍ 27374 പുരുഷന്‍മാരും 30266 സ്ത്രീകളുമാണുള്ളത്.
941 ഗ്രാമ പഞ്ചായത്തുകളിലെ 15962 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാര്‍ഡുകളിലെയും 6 കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2023 ജനവരി 1 യോഗ്യത തീയതി നിശ്ചയിച്ചാണ് പട്ടിക പുതുക്കിയത്. സംക്ഷിപ്ത പുതുക്കലിനായി കരട് വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 8ന് പ്രസിദ്ധീകരിച്ചരുന്നു. കരട് പട്ടികയില്‍ 1,31,78,517പുരുഷന്‍മാരും 1,44,91,779 സ്ത്രീകളും 240 ട്രാന്‍സ്‌ജെന്‍ഡുകളും കൂടി ആകെ 2,76,70,536 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.
2020 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക ഇതാദ്യമായാണ് പുതുക്കുന്നത്. മുന്‍കാലങ്ങളില്‍ മരണപ്പെട്ടവരോ താമസം മാറിയവരോ ആയ അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് പട്ടിക പുതുക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *