ഡൽഹി: അദാനിക്കെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഇത്തവണ കൽക്കരി അഴിമതിയാരോപണമാണ് അദാനിക്കെതിരെ രാഹുൽ ഉയർത്തിയിരിക്കുന്നത്. ഫിനാൻഷ്യൽ ടൈംസിൽ വന്ന വാർത്ത ഉയർത്തിയാണ് രാഹുലിന്റെ ആരോപണം. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി അദാനി ഇരട്ടി വിലയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇന്തോനേഷ്യയിൽ ഇന്ത്യക്കാരുടെ പണം നിക്ഷേപിക്കുന്ന അദാനി അത് ഇന്ത്യയിൽ കൊണ്ടുവന്ന് ഇരട്ടിയാക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
12000 കോടി രൂപ ഇന്തോനേഷ്യയിൽ നിക്ഷേപിച്ചു, ഇതിന്റെ മൂല്യം ഇന്ത്യയിൽ 32000 കോടി രൂപയാണ്. രാജ്യത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ കാരണമിതാണെന്നും രാഹുൽ ആരോപിക്കുന്നു. കരിച്ചന്ത വിൽപനക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദാനിയെ പതിവ് പോലെ മോദി സംരക്ഷിക്കുന്നുവെന്നും എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു. പ്രധാനമന്ത്രി സംരക്ഷിക്കാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വീട്ടിൽ ലൈറ്റിട്ടാൽ പണം അദാനിയുടെ പോക്കറ്റിൽ വീഴുമെന്നും അദ്ദേഹം പരിഹസിച്ചു.