ചെന്നൈ: വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സര്‍ക്കാര്‍ തള്ളി. ഡി.ജി.പിയുടെ അഭിപ്രായം കൂടി തേടിയശേഷമാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാവിലെ ഒമ്പതുമുതല്‍ പുലര്‍ച്ചെ ഒന്നു വരെ അഞ്ചു ഷോ നടത്താനാണ് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ളത്.
പുലര്‍ച്ചെ നാലിന് പ്രത്യേക ഷോ നടത്താന്‍ അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്. ആദ്യത്തെ ആറു ദിവസത്തേക്കാണ് നിര്‍മാതാക്കള്‍ ഇളവ് തേടിയത്. രാവിലെ ഏഴിന് ഷോ നടത്താന്‍ അനുവാദം നല്‍കിക്കൂടേയെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശവും അംഗീകരിച്ചില്ല.
പുലര്‍ച്ചെ നാലിന് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, തമിഴ്നാട് സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കട്ടെയെന്ന് അഭിപ്രായപ്പെട്ട കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. പകരം സിനിമാ നിര്‍മാതാക്കളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.