മുഖ്യമന്ത്രി പിണറായി വിജയനു ‘മേക്ക് ഓവര്‍’ നല്‍കിയത് പി.ആര്‍ ഏജന്‍സിയോ ? മുംബൈയില്‍ നിന്നുള്ള പി.ആര്‍ ഏജന്‍സികളാണ് പിണറായിയുടെ ശരീര ഭാഷ പഠിച്ച് എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുന്നു.
കോവിഡ് കാലത്ത് ദിവസവും മുഖ്യമന്ത്രിയുടെ ഒരു മണിക്കൂര്‍ വാര്‍ത്താ സമ്മേളനത്തിന്‍റെ ഉള്ളടക്കം എഴുതി നല്‍കിയതും കുരങ്ങിനും നായയ്കും ഭക്ഷണം കൊടുക്കണമെന്നു പറയാന്‍ പഠിപ്പിച്ചതും ഈ ഏജന്‍സികളാണെന്നും സതീശന്‍ വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ള സുനില്‍ കനഗൊലുവിന്‍റെ കാര്യം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത പരിഹാസത്തോടെ സംസാരിച്ചതിനു മറുപടിയായാണ് സതീശന്‍ മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ പഠിപ്പിച്ചത് മുംബൈയിലെ പി.ആര്‍ ഏജന്‍സികളാണെന്ന് ആക്ഷേപിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പി.ആര്‍ ഏജന്‍സികളെ ആശ്രയിക്കുന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും. ജനങ്ങളുടെ മനോഗതി അറിയാനും സമൂഹത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളുടെയും സ്വീകാര്യത എത്രയുണ്ട് എന്നു മനസിലാക്കാനുമാണ് ഇത്തരം ഏജന്‍സികളെ നിയോഗിക്കുന്നത്.
സാമ്പിള്‍ സര്‍വേ നടത്തിയും അതിലൂടെ കിട്ടുന്ന വിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ചു നിര്‍മിതബുദ്ധിപോലെയുള്ള ആധുനിക സാങ്കേതിക വിജ്ഞാനം ഉപയോഗിച്ചുമാണ് വിദഗ്ദ്ധര്‍ ജനങ്ങളുടെ മനസ് അളക്കുന്നത്. തികച്ചും ശാസ്ത്രീയമായിട്ടുതന്നെയാണ് ഇതിന്‍റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കുന്നത് എന്നതിനാല്‍ തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുന്ന ജനങ്ങളുടെ മനസ് ഏറെകുറെ കൃത്യമായിത്തന്നെ മനസിലാക്കാനും വിലയിരുത്താനും കഴിയും.
കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഇതു കണ്ടതാണ്. കോണ്‍ഗ്രസ് പ്രചാരണത്തിനായി നിയോഗിച്ചത് സുനില്‍ കനഗൊലുവിനെയും സംഘത്തെയുമാണ്. അവര്‍ ഏറെക്കുറെ കൃത്യമായിത്തന്നെ ജനവികാരം അളന്നു കുറിച്ചു. ജനങ്ങളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ വേണ്ട മാറ്റങ്ങളെക്കുറിച്ച് നേതൃത്വത്തെ പഠിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വന്‍ വിജയം നേടി അധികാരത്തിലെത്തി. കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറായിരുന്നു ഈ ഏജന്‍സിയെ നിയന്ത്രിച്ചത്. അദ്ദേഹം തന്നെയാണ് ഇതേ ഏജന്‍സിയെ കേരളത്തിലെ കോണ്‍ഗ്രസിനു വേണ്ടി നിയോഗിച്ചിരിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞു. വന്‍ തുകയാണത്രെ പ്രതിഫലം.
ബിജെപിക്കു വേണ്ടി മറ്റൊരു ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎമ്മിനു വേണ്ടി നേരത്തെ വിന്യസിച്ച ഏജന്‍സികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വി.ഡി സതീശന്‍ പറയുന്നത്. അക്കാര്യത്തില്‍ എനിക്കു തീര്‍ച്ചയില്ല.
പക്ഷേ പിണറായിയെ പ്രസംഗിക്കാനും മികവോടെ സംസാരിക്കാനും പഠിപ്പിച്ചത് പി.ആര്‍ ഏജന്‍സികളാണെന്ന വി.ഡി സതീശന്‍റെ വാദത്തോട് എനിക്കു യോജിപ്പില്ല. വളരെ വ്യക്തതയോടെ സംസാരിക്കാന്‍ ശേഷിയുള്ള നേതാവാണ് പിണറായി വിജയന്‍. ചെറിയ ഒരു ഉദ്യോഗസ്ഥ മീറ്റിങ്ങിലായാലും വലിയ പാര്‍ട്ടി യോഗത്തിലായാലും ആയിരങ്ങള്‍ അണിനിരന്നുള്ള പൊതുയോഗത്തിലായാലും സംസാരിക്കാന്‍ പിണറായിക്ക് ഒരു പ്രത്യേക ചാതുര്യമാണ്. അത് ഒരു നേതാവിനു വേണ്ട പ്രത്യേക കഴിവുതന്നെയാണ്.
കെഎസ്എഫ് പ്രവര്‍ത്തകനായിരുന്ന കാലത്തു തന്നെ ചെറിയ വിദ്യാര്‍ഥി സംഘങ്ങളോടു സംസാരിക്കുമ്പോള്‍ പിണറായി ഈ മികവു കാണിച്ചിരുന്നുവെന്ന് അന്നത്തെ സംഘടനാ സഹപ്രവര്‍ത്തകനായിരുന്ന വൈക്കം വിശ്വന്‍ പറഞ്ഞിട്ടുണ്ട്. സിപിഎമ്മില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച വൈക്കം വിശ്വന്‍ അവസാനം ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം വരെ എത്തി. വിദ്യാര്‍ഥി നേതാവെന്ന നിലയ്ക്ക് കെഎസ്എഫ് പ്രവര്‍ത്തകരുടെ യോഗത്തിലും മറ്റും പ്രസംഗിക്കുമ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായി മനസിലാകത്തക്കവണ്ണം വിശദീകരിച്ചു പറയുമായിരുന്നുവെന്നും അങ്ങനെയാണ് സഹപ്രവര്‍ത്തകരുടെ വിശ്വാസമാര്‍ജിച്ച് നേതാവായി ഉയരാന്‍ പിണറായിക്കു കഴിഞ്ഞതെന്നുമാണ് വൈക്കം വിശ്വന്‍ വിശദീകരിച്ചത്.
കുറേ കാലം മുമ്പ് തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ വൈക്കം വിശ്വനുമായി ഞാന്‍ നടത്തിയ ഒരു നീണ്ട സംഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെയും മറ്റും ഉന്നത യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഈ മികവ് നേരില്‍ കണ്ടിട്ടുണ്ടെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നോടു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുമായി വളരെയേറെ ഒത്തുപോയിരുന്ന ചീഫ് സെക്രട്ടറിയാണ് എസ്.എം വിജയാനന്ദ്. ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേരുമ്പോള്‍ ആദ്യം ആമുഖമായി ഒരു സംഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പതിവ്. തൊട്ടടുത്ത് ചീഫ് സെക്രട്ടറി ഇരിക്കുന്നുണ്ടാകും. പിന്നെ പിന്നെ ആമുഖം മുഖ്യമന്ത്രി തുടങ്ങിവെയ്ക്കുമ്പോള്‍ത്തന്നെ വിജയാനന്ദ് അത് ഏറ്റെടുത്തു തുടരുന്നതായി പതിവ്. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയത്തെ പറ്റി മുഖ്യമന്ത്രി പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ചീഫ് സെക്രട്ടറി വിജയാനന്ദ് പറയുക. വിഷയം വിശദമായി അവതരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മുഴുവന്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുന്നതോടെ എല്ലാവരും ഉത്സാഹത്തോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും പതിവായി.
ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയും. വിഷയത്തിന്‍റെ ഗൗരവമനുസരിച്ച് വേണ്ടത്ര വിസ്തൃതിയില്‍ത്തന്നെയാകും ആ വിവരണം. ഓരോ ഉദ്യോഗസ്ഥനും പറഞ്ഞുവെച്ച വാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായവും മറുപടിയിലുണ്ടാകും. അടുക്കും ചിട്ടയുമുള്ള ഒരു പ്രസംഗം തന്നെയാകും അത്. ചര്‍ച്ച ചെയ്ത വിഷയത്തിന്‍റെ നാനാവശങ്ങളും ചൂണ്ടിക്കാട്ടി വിസ്തരിച്ചുള്ള പ്രസംഗം. അവസാനം മുഖ്യമന്ത്രി സ്വന്തം തീരുമാനവും അവതരിപ്പിക്കും. ആര്‍ക്കും എതിരുപറയാന്‍ കഴിയാത്തവിധം ശക്തമായ ചട്ടക്കൂടോടു കൂടിയ ഒരു അവതരണം തന്നെയാകും അത്.
ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഈ കഴിവ് എന്നോടു പറഞ്ഞത്. പരിചയ സമ്പന്നരായ ഐഎഎസ് ഉദ്യോഗസ്ഥരും മാനേജ്മെന്‍റ് വിദഗ്ദ്ധരുമൊക്കെ ഇത്തരം ഉന്നത യോഗങ്ങളില്‍ നടത്തുന്ന സംസാരരീതി തന്നെയാണ് പിണറായി വിജയനുള്ളതെന്നാണ് ആ ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞത്. ഈ സംഭാഷണം നടന്നത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന കാലത്ത്.
കോവിഡ് കാലത്തും പ്രളയകാലത്തും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനങ്ങള്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. 2021 -ലെ തെരഞ്ഞെടുപ്പു വേളയില്‍ ഒരു മികച്ച ഭരണാധികാരിയായി അംഗീകാരം നേടാന്‍ ഈ പ്രസ് കോണ്‍ഫ്രന്‍സുകള്‍ അദ്ദേഹത്തെ സഹായിച്ചിരിക്കാം. പക്ഷേ ആ സംസാര രീതി പി.ആര്‍ ഏജന്‍സികള്‍ പഠിപ്പിച്ചതാണെന്ന വി.ഡി സതീശന്‍റെ വാദത്തെ അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാനാകില്ല.
പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനും ഉദ്യോഗസ്ഥ യോഗങ്ങളില്‍ മികവോടെ സംസാരിക്കാനുമൊക്കെ അത്ര പെട്ടെന്ന് ഒരാളെ പഠിപ്പിക്കാനാവില്ലെന്നതാണു വസ്തുത. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി നേതൃസ്ഥാനത്തേക്കു കടന്നു വരുന്നവര്‍ക്ക് സാധാരണ നന്നായി പ്രസംഗിക്കാന്‍ കഴിയും. നന്നായി പ്രസംഗിക്കാന്‍ കഴിയുന്നവരാണ് പൊതുവേ ഉയര്‍ന്ന രാഷ്ട്രീയ നേതൃപദവികളിലെത്തുക. ലോകരാഷ്ട്ര നേതാക്കളെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
വി.ഡി സതീശനും നന്നായി പ്രസംഗിക്കാനും മികവായി സംസാരിക്കാനും ശേഷിയുള്ള ആള്‍ തന്നെ. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കും നിയമസഭാ പ്രസംഗങ്ങള്‍ക്കും അപ്പുറത്ത് നല്ലൊരു പ്രസംഗ ശൈലി വളര്‍ത്തിയെടുത്ത നേതാവാണദ്ദേഹം. കുറെ മാസം മുമ്പ് പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ട് നടന്ന ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് (ഐപിസി) കണ്‍വെന്‍ഷനില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സതീശന്‍ നടത്തിയ പ്രസംഗം അതില്‍ പങ്കെടുത്ത ആയിരക്കണക്കിനു വരുന്ന ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചു. ബൈബിള്‍ വിസ്തരിച്ച് ഉദ്ധരിച്ചുതന്നെയായിരുന്നു സതീശന്‍റെ പ്രസംഗം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമസഭയിലും അദ്ദേഹത്തിന്‍റെ പ്രകടനം മെച്ചം തന്നെ.
പറഞ്ഞുവന്നത് ഇത്രമാത്രം. നല്ലൊരു നേതാവിന് പ്രസംഗം പഠിക്കാന്‍ പി.ആര്‍ ഏജന്‍സികളുടെ ട്യൂഷന്‍ ആവശ്യമില്ല. പിണറായി വിജയന് അത് ഒട്ടു തന്നെ വേണ്ട. അഥവാ ഏതെങ്കിലും പി.ആര്‍ ഏജന്‍സി ആ ദൗത്യത്തില്‍ നിയോഗിക്കപ്പെട്ടാലോ ? ട്യൂഷന്‍ ക്ലാസുകള്‍ ഒരാഴ്ചയിലധികം നീളില്ല, തീര്‍ച്ച.

By admin

Leave a Reply

Your email address will not be published. Required fields are marked *