ഗാസയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 500ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ വ്യോമാക്രമണമാണ് സ്ഫോടനത്തിന് കാരണമെന്ന് പലസ്തീന്‍ അറിയിച്ചെങ്കിലും ആരോപണം തള്ളി ഇസ്രയേല്‍ രംഗത്ത് വന്നു. ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ഇത്രയും വലിയ നാശനഷ്ടത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലിന്റെ മറുപടി.
ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണത്തിന് പകരമായി ഇസ്രയേല്‍ സൈന്യം ബോംബാക്രമണം ആരംഭിച്ചതിന് ശേഷം ഗാസയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ഒറ്റ സംഭവമായിരുന്നു ഈ സ്ഫോടനം.
ഗാസ മുനമ്പ് ഭരിക്കുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായുള്ള യുദ്ധത്തില്‍ രാജ്യത്തിന് പിന്തുണ നല്‍കാനും, സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കുന്നുവെന്ന് ഇസ്രയേല്‍ പദ്ധതിയിടുന്നുവെന്ന് അറിയാനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന്റെ തലേദിവസമാണ് ഈ ആക്രമണം നടന്നത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന കാര്യത്തില്‍ റോയിറ്റേഴ്സിനും സ്ഥിരീകരണമില്ല. ഹമാസ് ഭരിക്കുന്ന ഗാസ സര്‍ക്കാരിലെ ആരോഗ്യമന്ത്രി മൈ അല്‍കൈല ആക്രമണം ഇസ്രയേലിന്റെ കൂട്ടക്കൊലയാണെന്ന് ആരോപിച്ചു. 300 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് മേധാവിയും 500 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനും പറഞ്ഞു.
ചൊവ്വാഴ്ചത്തെ സംഭവത്തിന് മുമ്പ് തന്നെ, ഇസ്രയേലിന്റെ 11 ദിവസത്തെ ബോംബാക്രമണത്തില്‍ കുറഞ്ഞത് 3,000 പേരെങ്കിലും ഗാസയില്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഹമാസിന്റെ ആക്രമണത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 1300ലധികം പേരാണ് ഇസ്രയേലില്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ ഗാസ ബാഗരത്തിലെ അല്‍-അഹ്ലി അല്‍-അറബി ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കാന്‍ തയ്യാറായില്ല. പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് മിലിട്ടറി ഗ്രൂപ്പിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ആശുപത്രിയില്‍ നടന്നതെന്നാണ് അവരുടെ ആരോപണം.
‘ഐഡിഎഫ് പ്രവര്‍ത്തന സംവിധാനങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നത് ഗാസയില്‍ ഭീകരര്‍ റോക്കറ്റുകളുടെ ഒരു ബാരേജ് തൊടുത്തുവിട്ടിരുന്നു, അത് അപകടസമയത്ത് ഗാസയിലെ അല്‍ അഹ്ലി ആശുപത്രിക്ക് സമീപത്ത് കൂടി കടന്നുപോയി’ ഇസ്രയേല്‍ പ്രതിരോധ സേനയുടെ വക്താവ് പറഞ്ഞു.
‘ഗാസയിലെ ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദി ഇസ്ലാമിക് ജിഹാദാണെന്നാണ് ഞങ്ങളുടെ കൈയിലുള്ള ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് സൂചിപ്പിക്കുന്നത്’ വക്താവ് കൂട്ടിച്ചേര്‍ത്തു.
”ഇത് ഒരു നുണയും കെട്ടിച്ചമച്ചതുമാണ്, പൂര്‍ണ്ണമായും തെറ്റായ കാര്യമാണിത്. സാധാരണക്കാര്‍ക്കെതിരെ അവര്‍ നടത്തിയ ഭയാനകമായ കുറ്റകൃത്യവും കൂട്ടക്കൊലയും മറയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’ ഹമാസ് വക്താവ് ദാവൂദ് ഷെഹാബ് റോയിട്ടേഴ്സിനോട് പറഞ്ഞു.