ജിദ്ദ: ഗസ്സയ്ക്ക് നേരെയുള്ള ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സമ്മേളിച്ച ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഉൾപ്പെട്ട നിർവാഹക സമിതിയുടെ അടിയന്തരവും അസാധാരണവുമായ സമ്മേളനം ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു.
യോഗത്തിൽ സംസാരിക്കവേ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ ഇസ്രയേലിനുമേൽ രാഷ്ട്രീയ, സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും ഉപരോധത്തിലിരിക്കുന്ന ഗാസ മുനമ്പിലൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ ഒരു ട്രൈബ്യൂണൽ സ്ഥാപിക്കാനും ഒ ഐ സി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

ഫലസ്തീനിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേൽ നിരന്തരമായി നടത്തുന്ന ആക്രമണങ്ങളുടെയും ഭീഷണികളുടെയും അൽഅഖ്സാ പള്ളിയ്ക്ക് നേരെ നടത്തുന്ന കയ്യേറ്റങ്ങളുടെയും പശ്ചാത്തലത്തിൽ വിഷയത്തിൽ അടിയന്തര യോഗം ചേരാൻ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സിയുടെ നിലവിലെ അദ്ധ്യക്ഷ പദവിയിലുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശിച്ചത് അനുസരിച്ചാണ് സംഘടനാ ആസ്ഥാനമായ ജിദ്ദയിൽ ബുധനാഴ്ച യോഗം ചേർന്നത്.
ഗാസയിൽ ആശുപത്രിക്കെതിരായ വ്യോമാക്രമണത്തിലൂടെ ഇസ്രായിൽ നടത്തിയ നരമേധം യുദ്ധക്കുറ്റവും മാനവികക്കെതിരായ കുറ്റകൃത്യവും സംഘടിത ഭരണകൂട ഭീകരതയുമാണെന്നും ഇതിന് ഇസ്രായിലിനോട് കണക്കു ചോദിക്കണമെന്നും ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ പറഞ്ഞു. ഇസ്രായിൽ ആക്രമണത്തെ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ ജനതക്കെതിരെ നടത്തുന്ന മൃഗീയമായ ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ഭീകരപ്രവർത്തനങ്ങളുടെയും പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണ്.
ഫലസ്തീൻ ജനതയെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തമുള്ള നിലപാട് സ്വീകരിക്കണമെന്നും ഗസ്സയിലെ ഉപരോധം പിൻവലിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.  
ഇരട്ടത്താപ്പ് ഇല്ലാതെ ലോകം ന്യായമായ ഇടപെടൽ നടത്തണം. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണം. ഇക്കാര്യത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പ്രമേയങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രി ചുണ്ടിക്കാട്ടി. പശ്ചിമേഷ്യയിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ അന്താരാഷ്ട്ര സമൂഹം പ്രവർത്തിക്കണം.
കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിനിശ്ചയപ്രകാരം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ശക്തമായ നിലപാടാണ് സൗദിയുടേത്. ആ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്ന വിധത്തിൽ സാഹചര്യം സൃഷ്ടിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സൗദി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കന്മാരുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ സൗദി അറേബ്യ സഹോദരങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും ഏകോപനം തുടരും. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കപ്പെടാൻ സൗദി എപ്പോഴും കൂടെയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *