കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു. 71 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം. ഹൃദയാഘാതം ആണ് മരണകാരണം. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുണ്ടറ ജോണിയുടെ മൃതദേഹം ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് വയ്ക്കും. വൈകിട്ട് 3.30 ന് കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് കാഞ്ഞിരോട്ട് സെന്‍റ്. ആന്‍റണി ഫൊറാന പള്ളിയിൽ നടക്കും.
1979ൽ തുടങ്ങിയ അഭിനയ ജീവിതമാണ് 2023 ഒക്ടോബർ 17 രാത്രി 10 മണിക്ക് അവസാനിച്ചത്. 1952ൽ കൊല്ലം കുണ്ടറയിൽ ജനിച്ച ജോണി തന്നെ തേടി വന്ന വേഷങ്ങൾ തന്മയത്വത്തോടെ അഭിനയിച്ചു. 1979ല്‍ അഗ്നിപര്‍വതം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളും സഹനടനായും തിളങ്ങിയ കുണ്ടറ ജോണി, അവസാനമായി അഭിനയിച്ചത് ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാനിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട ജോണി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടു. എം.എസ്.സി മാത്‍സ് ബിരുദധാരിയായിരുന്ന ജോണി സിനിമയിൽ എത്തുന്നതിന് മുൻപ് പ്രൈവറ്റ് കോളേജിൽ അദ്ധ്യാപകനായും സെയിൽസ് എക്സിക്യൂട്ടീവ് ആയുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
അഭിനയിച്ച നൂറിലധികം സിനിമകളിൽ കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സ്ഫടികത്തിലെ മണിയനും ഹലോയിലെ കമ്മീഷണറും കുട്ടി സ്രാങ്കിലെ ഡി.വൈ.എസ്.പി മത്തായിയും ഇൻസ്പെക്ടർ ബൽറാമി സിഐ അലക്സ് ജോർജ്ജും ഒക്കെ എണ്ണം പറഞ്ഞ പൊലീസ് വേഷങ്ങൾ.
അരിങ്ങോടരുടെ ശിഷ്യനായി വടക്കൻ വീരഗാഥയിലും, കുളപ്പള്ളി അപ്പന്‍റെ വലംകൈയായി ആറാംതമ്പുരാനിലും ജോണി കയ്യൊപ്പ് ചാർത്തി. തങ്കയ്യ മൂപ്പനായി തച്ചിലേടത്ത് ചുണ്ടനിലെ വള്ളത്തിന്റെ അമരക്കാരൻ വേഷവും ഏറെ ശ്രദ്ധ നേടി. നമ്പ്യാരുടെ വലംകൈയായി നാടോടിക്കാറ്റിലെ വർഗീസ് എന്ന വേഷം കാണികൾക്ക് ചിരി പടർത്തുന്നത് കൂടിയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും ജോണി അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ കോളജ്​ ചരിത്രവിഭാഗം റിട്ട. ​പ്രഫസർ സ്​റ്റെല്ലയാണ്​ ഭാര്യ. മക്കൾ: ആരവ്​, ആഷിമ.

By admin

Leave a Reply

Your email address will not be published. Required fields are marked *