തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഏതു വിധേനയും അട്ടിമറിക്കാൻ കരുക്കൾ നീക്കുകയാണ് രാഷ്ട്രീയക്കാരടക്കമുള്ള തട്ടിപ്പുകാർ. ബിനാമികൾ വഴി തട്ടിപ്പിൽ ബന്ധമുള്ള രാഷ്ട്രീയ നേതാക്കളിലേക്ക് എത്താൻ ഇ.ഡി ശ്രമം തുടങ്ങിയതോടെ വാങ്ങിക്കൂട്ടിയ സ്വത്തുക്കളും കെട്ടിടങ്ങളും വിറ്റഴിക്കാൻ ബിനാമികൾ നീക്കം തുടങ്ങി. കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിച്ച് കേസിൽ നിന്ന് തലയൂരാനാണ് ശ്രമം. കള്ളപ്പണ ഇടപാടിലൂടെ സമ്പാദിച്ച കുറേ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടിയപ്പോൾ അവയിൽ ഏറെയും രാഷ്ട്രീയക്കാരുടെ ബിനാമി സ്വത്തുക്കളാണെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇതോടെയാണ് ബാക്കി സ്വത്തുക്കൾ വിറ്റൊഴിക്കാനുള്ള നീക്കം. വിറ്റാലും സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നാണ് ഇ.ഡിയുടെ നിലപാട്.
200 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ ഇ.ഡി നടപടി തുടങ്ങിയിട്ടുണ്ട്.  കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ 57.75 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ബിനാമി പേരുകളിൽ മുഖ്യപ്രതി പി. സതീഷ്‌കുമാർ ഉൾപ്പെടെ വാങ്ങിയ സ്വത്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു. കൂടുതൽ നടപടികൾ ആരംഭിച്ചതോടെയാണ് വിറ്റഴിക്കലിന് ശ്രമം ശക്തമാക്കിയത്. കരുവന്നൂരിന് പുറമെ, പെരിങ്ങണ്ടൂർ, തൃശൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതും കാരണമായി. രാഷ്ട്രീയനേതാക്കളുൾപ്പെടെ ബിനാമി സ്വത്തുക്കൾ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാൻ ശ്രമിക്കുന്നതിന്റെ വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ഇ.ഡി കണ്ടെത്തിയ സ്വത്തുക്കൾ വിറ്റഴിച്ചാലും പിടിച്ചെടുക്കുമെന്ന് ഇ.ഡി അറിയിച്ചു. വാങ്ങുന്നവരും കേസിൽ പ്രതികളാകും. കബളിപ്പിക്കപ്പെടുന്നവർക്ക് സ്വത്തുക്കൾ നഷ്ടമാകുമെന്നും ഇ.ഡി മുന്നറിയിപ്പ് നൽകി.
അറസ്റ്റിലായ പി. സതീഷ്‌കുമാർ, പി.ആർ. അരവിന്ദാക്ഷൻ എന്നിവർ പെരിങ്ങണ്ടൂർ ബാങ്കിൽ നടത്തിയ ഇടപാടുകളിലും ഇ.ഡി വിശദമായ പരിശോധന തുടരുകയാണ്. പെരിങ്ങണ്ടൂർ ബാങ്കിൽ അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് 11 ലക്ഷം രൂപ ബിനോയ് മോഹൻ നിക്ഷേപിച്ചത് ഇ.ഡി കണ്ടെത്തി. ചന്ദ്രമതി എന്ന അക്കൗണ്ടിലും ബിനോയ് മോഹൻ 1.50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ചന്ദ്രമതിയുടെ അക്കൗണ്ടിൽ മുമ്പ് 63 ലക്ഷം രൂപ വന്നുപോയിരുന്നു. പി.ആർ. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയാണ് മൂന്നുവർഷം മുമ്പ് മരിച്ച അക്കൗണ്ടുടമയായ ചന്ദ്രമതിയെന്ന ആശയക്കുഴപ്പം ഇ.ഡിക്കുണ്ടായിരുന്നു. മരിച്ച ചന്ദ്രമതിയുടെ മകൻ ശ്രീജിത്തിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തി. പി. സതീഷ്‌കുമാർ, പി.ആർ. അരവിന്ദാക്ഷൻ എന്നിവർക്ക് ശ്രീജിത്തുമായി ബന്ധമുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്.
ഒന്നാംപ്രതി പി. സതീഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയതിൽ ഭൂരിഭാഗവും. സതീഷ്‌കുമാറുമായി ബന്ധപ്പെട്ട് 24 ഭൂസ്വത്തുക്കൾ കണ്ടുകെട്ടി. കരുവന്നൂർ ബാങ്കിലുൾപ്പെടെ സ്വന്തമായും കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരുകളിൽ 46 അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇവയിലെ ഒരുകോടിയിലേറെ രൂപയും കണ്ടുകെട്ടി. അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി.പി.എം നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയിട്ടുണ്ട്. ഒരു ദേശസാത്കൃത ബാങ്കിലും രണ്ടു സഹകരണ ബാങ്കുകളിലുമായി നാല് അക്കൗണ്ടുകൾ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇവയിലൂടെ ഒരുകോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു. സതീശന്റെ തട്ടിപ്പിലെ കൂട്ടാളിയാണ് മൂന്നാംപ്രതി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചിട്ടുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed