ടെൽഅവീവ്: ഗാസയിലെ അല്‍ അഹ്‌ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ബൈഡന്‍ അപലപിച്ചെങ്കിലും ആക്രമണം നടത്തിയത് ‘മറ്റേ ടീമാണ്’ എന്ന പ്രതികരണമാണ് ബൈഡന്‍ നടത്തിയത്. ‘ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇത് നിങ്ങളല്ല മറ്റേ ടീമാണ് ചെയ്തതെന്ന് തോന്നുവെന്ന്’ ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഗാസയില്‍ ആശുപത്രിക്ക് നേരെ ആക്രമണത്തില്‍ ബൈഡന്‍ ഇസ്രയേലിനെ കുറ്റവിമുക്തരാക്കിയിരിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്. .

ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായവും അമേരിക്ക നല്‍കുമെന്നും ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ടീം ഗാസയിലെ ആശുപത്രിയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയിലെ ആശുപത്രിയില്‍ നടന്ന ആക്രമണം ഗാസയ്ക്കുള്ളില്‍ നിന്ന് ഉണ്ടായതാണെന്ന വിശദീകരണവുമായി നേരത്തെ ഇസ്രയേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി രംഗത്ത് വന്നിരുന്നു. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗം തൊടുത്തുവിട്ട റോക്കറ്റുകള്‍ ദിശമാറി ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈനിക വക്താവിന്റെ വിശദീകരണം. ആശുപത്രിക്ക് സമീപത്തെ സെമിത്തേരിയില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്നും ഐഡിഎഫ് വക്താവ് ചൂണ്ടിക്കാണിച്ചു. കേടുപാടുകള്‍ വിശകലനം ചെയ്ത് ഐഡിഎഫിന്റെ ഏരിയല്‍ ഫുട്ടേജ് അനലിസ്റ്റ് വ്യക്തതയോടെ ഇത് വിശദീകരിച്ചെന്നും സൈനിക വക്താവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആശുപത്രിക്ക് പുറത്തുള്ള ഒരു കാര്‍ പാര്‍ക്കിങ്ങിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്ന് ഹഗാരി ചൂണ്ടിക്കാണിച്ചു. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളുടെ അനന്തരഫലങ്ങള്‍ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളും ഗര്‍ത്തങ്ങളും പോലുള്ള കൂടുതല്‍ തീവ്രമായ അനന്തരഫലങ്ങള്‍ക്ക് കാരണമാകുമെന്നും ഹഗാരി ചൂണ്ടിക്കാണിച്ചു. സായുധ വിഭാഗത്തിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിന് തെളിവുകള്‍ ഉണ്ടെന്നും ഹഗാരി വ്യക്തമാക്കിയിട്ടുണ്ട്. റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്, ‘ഗാസയ്ക്കുള്ളില്‍ നിന്നാണെന്ന് വ്യക്തമായതായും ഹഗാരി ഉറപ്പിക്കുന്നു.

ഇതിനിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3300 ആയി. പരിക്കേറ്റവരുടെ എണ്ണം 13000 കടന്നു. ഹമാസ്-ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കില്‍ 61 പേര്‍ കൊല്ലപ്പെടുകയും 1250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 4475 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *