മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സോപ്പ് ഫാക്ടറിയിലുണ്ടായ തുടര്‍ച്ചയായ രണ്ട് സ്ഫോടനങ്ങളില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം ഉണ്ടായത്. ഫാക്ടറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു.
പോലീസ് സ്റ്റേഷന് പരിധിയിലെ സത്യകം സ്കൂളിന് മുന്നിലെ വാടക വീട്ടിലാണ് സോപ്പ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അലോക് ഗുപ്തയും ഗൗരവ് ഗുപ്തയും ചേര്‍ന്നാണ് ഫാക്ടറി നടത്തിയിരുന്നത്, സഞ്ജയ് ഗുപ്ത എന്നയാളാണ് വീടിന്റെ ഉടമ.
എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എസ്എസ്പിയും ജില്ലാ മജിസ്ട്രേറ്റും ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി.ചില രാസവസ്തുക്കള്‍ അടങ്ങിയ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.