അസ്തമയസൂര്യന്റെ വർണ്ണക്കൂട്ടുകൾ ചാലിച്ചെഴുതിയ ആകാശത്തിന്റെ കവിളിണകൾ ലജ്ജ കൊണ്ട് തുടുത്തിരുന്നു. തന്നെ പുൽകാൻ വരുന്ന നിലാവിനെ കുറിച്ചുള്ള പ്രണയചിന്തകളാണോ അതോ വിട പറഞ്ഞകന്ന സൂര്യനെ കുറിച്ചോർത്ത് ദുഃഖിച്ചിട്ടാണോ എന്നറിയില്ല ! 
തിരകൾ അലയടിക്കുന്ന തീരങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ വീശിക്കൊണ്ടിരിക്കുന്ന ഇളം കാറ്റിലൂടെ മനസ്സിലേക്ക് ഒഴുകിയെത്തിയ നൊമ്പരത്തിൽ കുതിർന്ന പ്രണയ വിചാരങ്ങൾ തീർത്ത നാദ പ്രപഞ്ചത്തിൽ ഉയർന്നുപൊങ്ങിയ നാദധാരയുടെ മധുരിമ… അതുവരെ  അനുഭവിക്കാത്ത പ്രണയത്തിന്റെ മോഹിപ്പിക്കുന്ന നാദവർണ്ണങ്ങൾ ! 
അറിയാതെ ഒന്ന് ആഗ്രഹിച്ചു പോയി – ഈ കേൾക്കുന്ന നാദധാര, നിൽക്കാതെ എന്റെ കാതുകളിൽ ഒരു പെരുമഴയായി പെയ്തിറങ്ങിയിരുന്നെങ്കിൽ….. ഞാൻ നിന്നെ പിരിഞ്ഞു പോവുകയില്ല.. നീയെന്നും എന്റെ ലഹരി ആയിരിക്കും, എന്റെ ആത്മാവിന്റെ ലഹരി ആയിരിക്കും… എന്റെ ജീവിതം വർണ്ണാഭമാക്കിയ ചിന്തകൾക്കും, മോഹങ്ങൾക്കും ഏറെ നിറങ്ങളേകിയ നീ എന്റെ കൂടെ ഇല്ലായിരുന്നെങ്കിൽ… അങ്ങനെ ചിന്തിക്കാൻ പോലും എനിക്കാവുന്നതല്ല…. 
കോഴിക്കോട് സമ്മാനിച്ച പ്രണയാർദ്രമായ ഓർമ്മകൾ. അതുലമായ, സംഗീത സാന്ദ്രമായ സായാഹ്നങ്ങളും, മനസ്സിനെ ഏറെ മോഹിപ്പിച്ച, ഉറക്കം കെടുത്തിയ രാത്രികൾ സമ്മാനിച്ച തീവ്രമായ രതിഭാവനകളും  എല്ലാം കോഴിക്കോടിന്റെ ഓർമ്മകൾക്ക് ഏറെ നിറമേകുന്നു… 

പ്രണയത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ച യൗവനത്തിലേക്ക് കാലൂന്നിയ കാലങ്ങൾ… വേർപാടിന്റെ നൊമ്പരങ്ങൾ ആദ്യമായി അനുഭവിച്ച രാത്രികൾ.. പ്രണയ വിചാരങ്ങൾക്ക് ഏറെ സൗന്ദര്യവും, നൊമ്പരങ്ങൾക്ക് താങ്ങാനാവാത്ത വേദനയും പകർന്നു നൽകിയ ഗസലുകൾ…. മെഹ്ദി ഹസ്സനും, ഗുലാം അലിയും, ബാബുക്കയും ഒരുക്കിയ സംഗീത വിരുന്നുകളുടെ ഓർമ്മകൾ ഇന്നും മനസ്സിൽ സജീവം….
ബാബുക്കയുടെ ഗാനസൃഷ്ടികൾക്കു, കാമുകഹൃദയങ്ങളിൽ നിറസുഗന്ധമുള്ള വർണ്ണപുഷ്പങ്ങൾ കൊണ്ട് തീർത്ത പൂക്കളങ്ങളെപ്പോലെ, സൗന്ദര്യം ഏറെയായിരുന്നു. ആ ഗാനമധുരിമ നുണയാത്തവർ ഉണ്ടാവില്ല. 
കല്ലായിപ്പുഴയുടെ മാദകത്വവും ബാബുക്കയുടെ പ്രണയാർദ്രമായ സംഗീതവും പ്രേമത്തിന് വളരെ വ്യത്യസ്തമായ, എന്നാൽ  ലളിതമായ ശൈലിയിലൂടെ, പുതിയ ഭാവനകൾ സൃഷ്‌ടിച്ച ഭാസ്കരൻ മാസ്റ്ററുടെ രചനകളും പ്രണയത്തിന്റെ അനന്തമായ വർണചിത്രങ്ങൾ മനസ്സുകളിൽ വരക്കുന്നു…. 
ഗിരീഷ് പുത്തഞ്ചേരിയുടെ രചനകൾക്ക് പ്രണയത്തിന്റെ നിറങ്ങളും, അതിലേറെ രതിഭാവങ്ങളുടെ ഗന്ധവും, നൊമ്പരത്തിന്റെ നീറലുകളുംഉണ്ടായിരുന്നു. രഘുകുമാറിന്റെ സംഗീതത്തിന് ഹൃദയത്തിന്റെ താളവും, മനസ്സിന്റെ ആഴങ്ങളിൽ രതിമേളനചിന്തകൾ പകർന്നു തരുന്ന വശ്യതയും, മനസ്സിൽ നിന്നും വിട്ടുപിരിയാനാവാത്ത  കാമുകിയുടെ ഗന്ധവും ഏറെയായിരുന്നു…. 
അതുലമായ, അനശ്വരങ്ങളായ ഗാനസൃഷ്ടികൾ ചുരുങ്ങിയ കാലയളവിൽ സംഗീത ലോകത്തിന് സമ്മാനിച്ച്, നമ്മളോടെല്ലാം വിടപറഞ്ഞ്, കാലയവനിക്കുള്ളിൽ മറഞ്ഞുപോയ അവരെല്ലാം എന്നും നമ്മുടെ  ഓർമ്മകളിൽ ഉണ്ടാവും… അവർ നമുക്ക് സമ്മാനിച്ച അമൂല്യങ്ങളായ ഗാനങ്ങളിലൂടെ… 
പ്രണയത്തെ കുറിച്ചെത്ര എഴുതിയാലും മതിയാവില്ല, കാരണം പ്രണയത്തിന് നിറങ്ങൾ, ഭാവനകൾ, സങ്കൽപ്പങ്ങൾ ഏറെയാണ്, നൊമ്പരങ്ങൾ വേറെയും. ഓരോ മനസ്സുകളിലും വേറിട്ട മോഹങ്ങളും അനുഭവങ്ങളും ആണ് പ്രണയം എന്ന വികാരം സമ്മാനിക്കുന്നത്. പ്രണയിക്കുവാൻ സാധിക്കുന്നത് ഒരനുഗ്രഹമാണ്, ഭാഗ്യമാണ് എന്ന് എത്രയോ വിശ്വകവികൾ എഴുതിയിട്ടുണ്ട്. 

മാധവികുട്ടി എപ്പോഴും ആവർത്തിക്കാറുള്ള പ്രമേയമല്ലേ പ്രണയവും, രതിമോഹങ്ങളും….. മനസ്സിൽ അവയുടെ നിലക്കാത്ത പ്രവാഹങ്ങളും, വിട്ടുമാറാത്ത ഭാവനകളും, സ്പന്ദനങ്ങളും അവ സമ്മാനിച്ച ഓർമ്മകളും, നൊമ്പരങ്ങളും…. എല്ലാം മാധവികുട്ടിയുടെ ലേഖനങ്ങളിൽ നമുക്ക് കാണാം…. പ്രണയത്തെകുറിച്ച്  വേറെ ആരും ഇത്രയും ആഴങ്ങളിൽ സഞ്ചരിച്ച് മലയാള സാഹിത്യത്തിൽ എഴുതിയതായി എനിക്കറിവില്ല… 
കാമാർത്ഥമായ രതിഭാവനകൾ, സുരതത്തിന്റെ താളാത്മകമായ ചിന്തകൾ, കാമസുഗന്ധങ്ങൾ നിറഞ്ഞാടുന്ന പൂനിലാവിൽ കുളിച്ച പാലപ്പൂമരങ്ങൾ… ഇവയെല്ലാം കാമുകഹൃദയങ്ങളെ ആസക്താരാക്കുന്നു… ഉന്മത്തരാക്കുന്നു….. പ്രണയവർണങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ  കാണാത്ത ചിത്രങ്ങൾ കാമുകഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കും…. 
വിശ്വപ്രേമത്തിന്റെ വക്താവായിരുന്ന മാധവിക്കുട്ടിയുടെ ദീപ്തസ്മരണകൾ നമ്മുടെയെല്ലാം ഗതകാലപ്രണയസ്മരണകളെ ഏറെ വർണ്ണാഭമാക്കട്ടെ എന്നാശംസിക്കുന്നു… 
“സ്നേഹിച്ചു കൊതി മാറാത്ത മനസ്സുകൾക്ക് വേണ്ടി, സ്നേഹം പങ്കുവെക്കുന്ന ഹൃദയങ്ങൾക്ക് വേണ്ടി, പ്രണയനൊമ്പരങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി, പ്രണയസ്വപ്നങ്ങളുമായി കാത്തിരിക്കുന്നവർക്ക് വേണ്ടി… 
നിങ്ങളുടെയെല്ലാം പ്രണയവിചാരങ്ങൾ പൂവണിയട്ടെ…. പ്രണയശലഭങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ വന്ന് കൂടണയട്ടെ…. പ്രണയത്തിന്റെ മോഹത്തിരികൾ അണയാതെ നിങ്ങളുടെ ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കട്ടെ…..
-കെ.കെ മേനോന്‍ ചെന്നൈ

By admin

Leave a Reply

Your email address will not be published. Required fields are marked *