തിരുവനന്തപുരം: താൻ ഉണ്ടാക്കിയ പ്രശ്നം മൂലം ജീവിതം ഹോമിക്കപ്പെട്ട സേതുമാധവനെ കാണാൻ രാജു എത്തി തികഞ്ഞ കുറ്റബോധത്തോടെ. കാര്യമറിയണമെങ്കിൽ 34 വർഷം പിന്നിലേക്ക് പോകണം. കൃത്യമായി പറഞ്ഞാൽ 1989 ലേക്ക്.
കിരീടം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ദുരന്ത നായകനായ മോഹൻലാലിന്റെ സേതുമാധവനെ മലയാളികൾ ഒരിക്കലും മറക്കില്ല. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം മലയാളത്തിലെ എക്കാലത്തേയും സെൻസേഷണൽ ചിത്രങ്ങളിൽ ഒന്നാണ്.
സേതുമാധവനായി നിറഞ്ഞാടിയ മോഹൻലാൽ, സേതുവിന്റെ പിതാവ് ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരായി പകർന്നാടിയ തിലകൻ, വെട്ടിയിട്ടാൽ മുറികൂടുന്ന ജരാസന്ധനായ വില്ലൻ കീരിക്കാടൻ ജോസ്. ഇതിനിടയിലാണ് ഒറ്റസീനിൽ വന്ന് പോയ എം.എൽ.എയുടെ മകൻ രാജു എന്ന കഥാപാത്രം. രാജാവായി അഭിനയിച്ചത് കോളേജധ്യാപകനായ ഡോ. ശ്രീവത്സൻ നമ്പൂതിരി.
ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന കഥയെ ഗതി തിരിച്ച് വിട്ടത് രാജു. രാജുവും തിലകന്റെ അച്യുതൻ നായരും തമ്മിലുണ്ടാകുന്ന തർക്കത്തിനും വഴക്കിനു മൊടുവിൽ അച്യുതൻ നായർക്ക് സ്ഥലം മാറ്റം. ഗുണ്ടകളുടെ വിഹാര കേന്ദ്രമായ രാമപുരത്തേക്ക്.
കീരിക്കാടൻ ജോസ് എന്ന ഏഴടി പൊക്കമുള്ള ഗുണ്ടയെ പോലീസിനും ഭയമാണ്. തന്റെ ഡ്യൂട്ടിക്കിടെ അച്യുതൻ നായർക്ക് കീരിക്കാടനുമായി ഏറ്റുമുട്ടേണ്ടി വരുന്നു. അറിയാതെ ഇതിൽ അകപ്പെട്ട സേതുമാധവന് കൈയെത്തും ദൂരത്ത് എത്തിയ സബ് ഇൻസ്പെക്ടർ നിയമനം നഷ്ടമാവുന്നു.
പിന്നീട് ഗുണ്ടയായി മാറിയ സേതുമാധവൻ കഥയിലെ ദുരന്ത നായകനായി മാറുകയാണ്. ലോഹിതദാസിന്റെ എല്ലാ തിരക്കഥയിലും ഇതേ പോലെ ഒരു സ്പാർക് ഉണ്ടാവും. പിന്നീട് കഥ പോകുന്നത് മറ്റൊരു വഴിക്ക്.
ഒരു സീൻ മാത്രമാണെങ്കിലും ഡോ. ശ്രീവത്സൻ അവതരിപ്പിച്ച രാജു കഥയിലെ മർമ്മപ്രധാനമായ കഥാപാതമാണ്. ലോഹിതദാസിന്റേയും സഹസംവിധായകനായ കലാധരന്റേയും നിർദ്ദേശത്തെ തുടർന്നാണ് കിരീടത്തിൽ ശ്രീവത്സന് വേഷം ലഭിച്ചത്.
ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു മോഹൻലാൽ. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ ഹയാത്തിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
34 വർഷമായി നേരിട്ട് കാണാൻ കഴിയാത്തത് തികച്ചും യാദൃച്ഛികമാണെന്ന് ശ്രീവത്സൻ പറഞ്ഞു. തികഞ്ഞ സൗഹൃദത്തോടെയും സ്നേഹത്തോടെയുമാണ് അദ്ദേഹം പെരുമാറിയത് എന്ന് ശ്രീവത്സൻ കൂട്ടിച്ചേർത്തു.
കോട്ടയം ജില്ലയിൽ പാലായ്ക്കടുത്ത് കുറിച്ചിത്താനം സ്വദേശിയായ ഡോ. ശ്രീവത്സൻ ഇപ്പോൾ തിരുവനന്തപുരത്താണ് സ്ഥിരതാമസം. കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയായിരുന്നു സ്റ്റാറ്റിസ്റ്റിക്സിൽ ഡോക്ടറേറ്റ് ഉള്ള ഡോ. ശ്രീവത്സൻ. സിനിമയിൽ കൂടുതൽ സജീവമാകാനാണ് തീരുമാനമെന്ന് ഡോ. ശ്രീവത്സൻ പറഞ്ഞു.