ഭിന്നലിംഗക്കാരായ ദമ്പതികള്‍ക്ക് മാത്രമേ നല്ല മാതാപിതാക്കളാകാന്‍ കഴിയൂ എന്ന് നിയമത്തിന് അനുമാനിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്. 
‘ക്വിയര്‍ ദമ്പതികള്‍ ഉള്‍പ്പെടെ അവിവാഹിതരായ ദമ്പതികള്‍ക്ക് ഒരുമിച്ച് കുട്ടിയെ ദത്തെടുക്കാം’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ‘സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA) സര്‍ക്കുലര്‍ [ഇത് ക്വിയര്‍ ദമ്പതികളെ ദത്തെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നു] ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15ന്റെ ലംഘനമാണ്’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
‘CARA റെഗുലേഷന്‍ 5(3) വിഭിന്ന ബന്ധങ്ങളോട് പരോക്ഷമായി വിവേചനം കാണിക്കുന്നു. ഒരു ക്വിയര്‍  വ്യക്തിക്ക് ഒരു വ്യക്തിഗത ശേഷിയില്‍ മാത്രമേ ദത്തെടുക്കാന്‍ കഴിയൂ. ഇത് ക്വിയര്‍ കമ്മ്യൂണിറ്റിക്കെതിരായ വിവേചനം ശക്തിപ്പെടുത്തുന്നതാണ്’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘വിവാഹിതരായ ഭിന്നലിംഗ ദമ്പതികള്‍ക്ക് മാത്രമേ ഒരു കുട്ടിക്ക് സ്ഥിരത നല്‍കാന്‍ കഴിയൂ എന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു ക്വിയര്‍ ബന്ധത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ ഭരണകൂടത്തിന്റെ പരാജയം വിവേചനത്തിന് തുല്യമാണ്.’ സ്വവര്‍ഗ ദമ്പതികള്‍ക്കെതിരായ വിവേചനത്തെ ഉയര്‍ത്തിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 
ക്വിയര്‍ ബന്ധങ്ങളിലെ വ്യക്തികളുടെ അവകാശങ്ങള്‍ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. റേഷന്‍ കാര്‍ഡില്‍ ക്വിയര്‍ ദമ്പതികളെ കുടുംബമായി ഉള്‍പ്പെടുത്തുക, ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ക്വിയര്‍ ദമ്പതികളെ അനുവദിക്കുക, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി മുതലായവയില്‍ നിന്നുള്ള അവകാശങ്ങള്‍ അനുവദിക്കുക തുടങ്ങിയ വിഷയങ്ങള്‍ കമ്മിറ്റി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.