ആലത്തൂർ: ഒന്നാംവിളയുടെ കൊയ്ത്ത് ആരംഭിച്ച് നാലാഴ്ച പിന്നിട്ടിട്ടും നെല്ലുസംഭരണത്തിൽ അവ്യക്തത. സപ്ലൈകോ നടത്തിയിരുന്ന സംഭരണത്തിനുപകരം പ്രാഥമിക സഹകരണ സംഘങ്ങൾ നെല്ലെടുക്കുമെന്ന പ്രചാരണമാണ് ഇതിനുകാരണം. ഇക്കാര്യത്തിൽ ഇനിയും അന്തിമതീരുമാനമായിട്ടില്ല.

നെല്ലുസംഭരണം പൂർണമായി സംഘങ്ങളെ ഏല്പിക്കില്ലെന്നും നെല്ലുവില റൊക്കം നൽകാനുള്ള സംവിധാനത്തിനുവേണ്ടിയാണ് സഹകരണസംഘങ്ങളെ സഹകരിപ്പിക്കുന്നതെന്നുമാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറയുന്നത്. ജില്ലയിലെ ഏതാനും സംഘങ്ങൾ നെല്ലെടുക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.

കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷനിലെ അമ്പതോളം സ്വകാര്യമില്ലുകൾ സപ്ലൈകോയുമായി കരാറൊപ്പിടാതെ മാറിനിൽക്കുകയാണ്. സംഭരിച്ച നെല്ല് അരിയാക്കി തിരികെ നൽകുമ്പോൾ 68 ശതമാനം അരി നൽകണമെന്ന നിബന്ധനയാണ് അവർ ഉന്നയിക്കുന്ന പ്രധാന തർക്കവിഷയം. 64.5 ശതമാനമേ നൽകാനാകൂ എന്നാണ് നിലപാട്. അസോസിയേഷനിൽ ഇല്ലാത്ത പത്തുമില്ലുകൾ മാത്രമാണ് കരാറൊപ്പിട്ടത്. പാടശേഖരങ്ങൾ അനുവദിച്ചെങ്കിലും കൊയ്യുന്ന മുഴുവൻ നെല്ലും സംഭരിക്കാനുള്ള സംവിധാനം ഇവർക്കില്ല.
ന്യൂനമർദംമൂലം കഴിഞ്ഞദിവസങ്ങളിലെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴപെയ്തിരുന്നു. മഴക്കുറവുമൂലമുള്ള ജലദൗർലഭ്യത്തിന് മഴ ആശ്വാസമാണെങ്കിലും, നെൽപ്പാടങ്ങളിലെല്ലാം കൊയ്ത്താരംഭിച്ച സാഹചര്യത്തിൽ മഴ കർഷകർക്ക് വിനയായി. പാടത്ത് വെള്ളവും ചെളിയുമായതോടെ കൊയ്ത്തുയന്ത്രങ്ങൾ ഓടുന്നത് സാവധാനമായി. കൊയ്ത്തിന് കൂടുതൽ സമയമെടുക്കുന്നതിനാൽ കൂടുതൽ വാടക നൽകേണ്ടിവരുന്നു. കൊയ്ത നെല്ല് പതിരുനീക്കാൻ കാറ്റത്തിടാനും ഉണക്കാൻ വെയിലത്തിടാനും പറ്റാതായി.
ഈ സാഹചര്യത്തിൽ, താങ്ങുവിലയേക്കാൾ നാലുരൂപവരെ കുറവിൽ നെല്ല് വിറ്റൊഴിവാക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഏക്കറിന് കുറഞ്ഞത് 8,000 രൂപയുടെയെങ്കിലും നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. കാറ്റിലും മഴയിലും കതിര്‌ വീണുനശിക്കുന്നതും വ്യാപകമായി. വീണ നെല്ല് യന്ത്രംകൊണ്ട് കൊയ്തെടുക്കാനാകില്ല. തൊഴിലാളികളെ കിട്ടാനും പ്രയാസം. വീണുപോയ നെല്ല് മൂന്നുദിവസം കഴിഞ്ഞാൽ മുളച്ചും ചീഞ്ഞും നശിക്കും.
നെല്ലുസംഭരിക്കാൻ കൃത്യമായ മുന്നൊരുക്കമില്ലാത്തതാണ് കർഷകരുടെ ദുരിതം കൂട്ടുന്നത്. നെല്ലുസംഭരണത്തിൽ സഹകരണസംഘങ്ങളെ സഹകരിപ്പിക്കുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടായേക്കും. ആലത്തൂർ താലൂക്കിൽ ഇതുവരെ 250 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *