കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. നവംബർ 18 വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രതികളെ ഓൺലൈനായി കോടതിയിൽ ഹാജരാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
2022 ഒക്ടോബർ 11നാണ് പത്തനംതിട്ട ഇലന്തൂരിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ വിവവരം പുറത്തെത്തുന്നത്. കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇലന്തൂരിലെ സരോജിനി കൊലക്കേസിലാണ് ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവരെ ചോദ്യം ചെയ്തത്. കഴിഞ്ഞയാഴ്ച വിയ്യൂർ ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ.
സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തതാണെന്നും തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. 2014 സെപ്റ്റംബറിലാണ് വീട്ടുജോലിക്ക് പോയ സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തിൽ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. 2018ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും വിചാരണ വൈകുകയാണ്. കുടുംബത്തിൻറെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ ബലി നൽകാൻ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.