കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങുമ്പോഴും ഇടതുമുന്നണിയെ കുഴപ്പത്തിലാക്കുന്നത് നല്ല സ്ഥാനാർത്ഥികളില്ല എന്നതാണ്. മധ്യ കേരളത്തിലാണ് മികച്ച സ്ഥാനാർത്ഥികളില്ലാതെ സിപിഎം വലയുന്നത്. ഈ സീറ്റുകളിൽ വിജയ സാധ്യതയുള്ള പൊതു സ്വതന്ത്രരെ കണ്ടെത്തുക എന്നതാണ് വെല്ലുവിളി.
പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ സിപിഎമ്മാണ് സാധാരണ മത്സരിക്കുന്നത്. ഇവിടെയൊന്നും നല്ല സ്ഥാനാർത്ഥികളില്ല എന്നത് സിപിഎമ്മിന് തലവേദനയാണ്.
പൊതു സ്വതന്ത്രരെ ഇറക്കി മികച്ച നേട്ടം കൊയ്ത ചരിത്രം സിപിഎമ്മിനുണ്ടെങ്കിലും കുറച്ചു നാളായി ആ സോഷ്യൽ എൻജിനീയറിങ് പാളുകയാണ്. പത്തനംതിട്ടയിൽ 2009 ൽ പാർട്ടി ചിഹ്നത്തിൽ കെ അനന്തഗോപൻ മത്സരിച്ചപ്പോൾ തോൽവി 111206 വോട്ടിനായിരുന്നു. 2014 ൽ കോൺഗ്രസിൽ നിന്നും പീലിപ്പോസ് തോമസ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ ഇത് 56191 ലേക്ക് ലീഡ് നില കുറച്ചു.
2019ൽ സാമൂദായിക സമവാക്യങ്ങൾ പരീക്ഷിച്ച് വീണ ജോർജിനെ കളത്തിലിറക്കി. വിജയം അകന്നു നിന്നപ്പോഴും മാന്യമായ പരാജയമായിരുന്നു വീണ ജോർജ് നേരിട്ടത്. 44, 243 മാത്രമായിരുന്നു യുഡിഎഫ് തരംഗത്തിൽ പത്തനംതിട്ടയിൽ ഭൂരിപക്ഷം.
ഇത്തവണ ആരെ മത്സരിപ്പിക്കും എന്നതാണ് സിപിഎമ്മിൽ ഉയരുന്ന ചോദ്യം. മുൻ എം എൽ എ രാജു എബ്രഹാമിനെ രംഗത്തിറക്കാമെന്ന് ചിന്തിക്കുമ്പോഴും റാന്നിക്കപ്പുറം രാജുവിന്റെ സ്വാധിനം പാർട്ടിക്കും സംശയമുണ്ട്.
മണ്ഡലത്തിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളും കൈപ്പിടിയിലാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് ഗുണകരമാകുന്നില്ല എന്നതാണ് സിപിഎമ്മിനെ അമ്പരപ്പിക്കുന്നത്.
ഇടുക്കിയിൽ ഒരു തവണ സ്വതന്ത്രനെ ഇറക്കി യുഡിഎഫ് കോട്ട പിടിച്ച ചരിത്രം സിപിഎമ്മിനുണ്ട്. 2014ൽ ജോയിസ് ജോർജ് ഡീൻ കുര്യാക്കോസിനെ തോൽപ്പിച്ചത് 50, 542 വോട്ടിനായിരുന്നു. എന്നാൽ 2019ൽ കഥ മാറി.
171053 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനായിരുന്നു ഡീനിന്റെ പ്രതികാരം. ഇക്കുറിയും ജോയിസ് ജോർജ് അല്ലാതെ മറ്റൊരു പേര് സിപിഎമ്മിന് മുന്നിൽ തൽക്കാലമില്ല.
എറണാകുളത്ത് സിപിഎം പൊതുസ്വതന്ത്രരെ സ്ഥിരം പരീക്ഷിക്കുന്ന മണ്ഡലമാണ്. 2014ൽ ക്രിസ്റ്റി ഫെർണാണ്ടസിനെ മത്സരിപ്പിച്ച് 87047 വോട്ടിനാണ് ഇടതു മുന്നണി തോറ്റത്.
2019 ൽ പാർട്ടി സ്വന്തം ചിഹ്നത്തിൽ ആളെ ഇറക്കിയെങ്കിലും തോൽവി കടുത്തു. പി രാജീവ് ഹൈബി ഈഡനോട് അടിയറവ് പറഞ്ഞത് 1,69,053 വോട്ടിനായിരുന്നു.
ഇത്തവണ പൊതു സ്വതന്ത്രരെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. മുൻ അംബാസിഡർ വേണു രാജാമണി അടക്കം പരിഗണനാ പട്ടികയിൽ ഉണ്ട്.
കോൺഗ്രസിന്റെ ഉറച്ച കോട്ടയായി കരുതിയ ചാലക്കുടി അട്ടിമറിയോടെ പിടിച്ചെടുത്ത പാരമ്പര്യം സിപിഎമ്മിനുണ്ട്. 2014ൽ ഇന്നസെന്റിലൂടെയായിരുന്നു സിപിഎം അട്ടിമറി വിജയം നേടിയത്. 13884 വോട്ടിനായിരുന്നു ഇടത് വിജയം.
എന്നാൽ 2019ൽ ഇന്നസെന്റിലൂടെ പരീക്ഷണം തുടർന്നെങ്കിലും പരാജയമായിരുന്നു ഫലം. 132274 വോട്ടിനായിരുന്നു ഇന്നസെന്റ് തോറ്റത്.
ഇത്തവണ ചാലക്കുടിയിൽ ആര് എന്ന ചോദ്യത്തിന് സിപിഎം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ഒരു സിനിമാ താരത്തെ ചാലക്കുടിയിൽ ഇറക്കാൻ സിപിഎം ആഗ്രഹിക്കുന്നുണ്ട്.
ഈ പരീക്ഷണം ഇനിയും തുടരണോ എന്ന ചർച്ചയും സിപിഎമ്മിലുണ്ട്. അതിനിടെ ഈ സീറ്റുകളിൽ ചിലത് തങ്ങൾക്കു തന്നാൽ വിജയ സാധ്യതയുണ്ടെന്ന് കേരളാ കോൺഗ്രസ് എം പറയുന്നുണ്ടെങ്കിലും അതിന് സിപിഎം സമ്മതം മൂളുമോ എന്നുറപ്പില്ല.