പാലാ: ഇടുക്കി പദ്ധതി വിഭാവനം ചെയ്തപ്പോൾ വൈദ്യുതി ഉൽപാദനത്തിനു ശേഷം മൂലമറ്റം ആറ്റിലേക്ക് തുറന്നു വിടേണ്ടിവരുന്ന വെള്ളം ഒഴുക്കിവിടുന്നതിന് രണ്ട് മാർഗ്ഗങ്ങളാണ് അംഗീകരിച്ചിരുന്നത്. ഒന്നാമത്തേത് മീനച്ചിലിലേക്കും രണ്ടാമത് മൂവാറ്റുപുഴ ബേസിനിലേക്കും.
എന്നാൽ നിർമാണം നടന്നതും കനാലുകൾ കീറിയതും രണ്ടാം പദ്ധതിയിലുള്ള മൂവാറ്റുപുഴ വാലിയിലേക്കാണ്. ചെറുതും വലുതുമായതും ഇടതുകര വലതുകര എന്നിങ്ങനെ നിരവധി കനാലുകൾ നിർമ്മിച്ച് കോതമംഗലം, പിറവം, പെരുമ്പാവൂർ, കടുത്തുരുത്തി ഏറ്റുമാനൂർ മണ്ഡലങ്ങളിലേക്കും കനാൽവെളളം എത്തിച്ചു.
എന്നാൽ ഡിസംബർ മുതൽ ജൂൺ വരെ വററി വരളുന്ന മീനച്ചിലിലേക്ക് ഒരു തുള്ളി വെള്ളം കൊണ്ടുപോകുവാൻ മാറി മാറി വന്ന ഭരണകൂടങ്ങളും ജലമന്ത്രിമാരും ഒരു വിധത്തിലും സമ്മതിച്ചില്ല. പാലാ നിയോജക മണ്ഡലത്തിൻ്റെ പരിസരത്തു പോലും കനാൽ എത്തിക്കാതെ കനാലുകൾ രൂപകല്പന ചെയ്തതും ചരിത്രം.
കോട്ടയം ജില്ലയിൽ നിന്നും ജലസേചന മന്ത്രിയും സെക്രട്ടറിയും എല്ലാം ഉണ്ടായിട്ടും മീനച്ചിൽ ദാഹിച്ചു വർഷങ്ങളോളം വലഞ്ഞു. വറ്റിവരളുന്ന മീനച്ചിലാറ്റിലേക്ക് വെള്ളം എത്തിക്കുവാൻ സ്വന്തമായി ജലസേചന പദ്ധതികൾ ഇല്ലാത്ത കോട്ടയം ജില്ലയ്ക്കായി കെ.എം മാണി മുൻകൈയ്യെടുത്ത് മീനച്ചിൽ റിവർ വാലി പദ്ധതി അംഗീകരിപ്പിച്ചെങ്കിലും നടപ്പാക്കുവാൻ സമ്മതിച്ചില്ല.
മുഖ്യമന്ത്രി കരുണാകരൻ ഇട്ട തറക്കല്ല് ചൂടാറും മുൻപ് തകർത്തു തരിപ്പണമാക്കിയതും കലിയിളകിയ എതിരാളികൾ ജീവനക്കാരെ കല്ലെറിഞ്ഞ് ഓടിച്ചതും മറ്റൊരു ചരിത്രം. ഇതിൻ്റെ തിരുശേഷിപ്പുകളായി നിരവധി ഓഫീസുകൾ ഇന്നും പ്രവർത്തിക്കുന്നുണ്ട് താനും.
ഈ പദ്ധതിക്കായി വീണ്ടും പലതവണ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു. തടസ്സപ്പെടുത്തലിന് രാഷ്ട്രീയ എതിർപ്പുകളാണ് ഉണ്ടായിരുന്നത്. ഈ പ്രൊജക്ട്രിനുള്ള പഠനം ഇപ്പോഴും നടക്കുന്നുണ്ടുതാനും.ഇടുക്കി രണ്ടാം ഘട്ടം നടപ്പാക്കണമെങ്കിൽ വെള്ളം മീനച്ചിലാറ്റിലേക്ക് തുറന്നു വിടുകയേ രക്ഷയുള്ളൂ. എതിർപ്പുകൾ അപ്പോൾ താനെ ഇല്ലാതായേ പറ്റൂ.
ഇതിനിടെ മൂവാറ്റുപുഴ മേഖലയിൽ വെള്ളം ഉയർന്നു നിൽക്കുന്നത് കൃഷിക്ക് തടസ്സമാകുന്നു എന്നും ജലനിരപ്പ് താഴ്ത്തണമെന്നും ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്ത്യന് ജനപ്രതിനിധികൾ നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. ഇതും സർക്കാരിൻ്റെ പരിഗണനയിലാണ്.
നേരത്തെ തുരങ്കം വഴി നീലൂരിൽ വെള്ളം എത്തിക്കുവാനായിരുന്നു പദ്ധതി. എന്നാൽ തുരങ്കം വഴി എവിടെ എങ്കിലും വെള്ളം എത്തിക്കുന്നുണ്ടോ എന്ന് ഫയലിൽ കുറിക്കപ്പെട്ടതോടെ അതിനും കർട്ടൺ വീണു.
പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടതോടെ വെള്ളം എടുക്കുന്നതിന് വഴിതെളിയുകയും ഏതാനും പഞ്ചായത്തുകൾക്ക് മാത്രമായി രൂപം കൊടുത്ത നീലൂർ പദ്ധതി വിപുലീകരിച്ച് മീനച്ചിലിൻ്റെ കിഴക്കൻ മലനിരകളിലെ 13 ജലക്ഷാമ പഞ്ചായത്തുകളിലെ 50000 വീടുകളിലേക്കും ശുദ്ധീകരിച്ച പൈപ്പ് വെള്ളം എത്തിക്കുന്നതിന് 2000-ൽ പരം കി.മീ. പൈപ്പുകൾ ഹൈദ്രബാദ് മുതലായ സ്ഥലങ്ങളിൽ നിന്നും നിരവധി ട്രക്കുകളിലായി ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
മാസങ്ങളോളം മീനച്ചിൽ വറ്റിവരളുമ്പോഴുംആർക്കും പ്രയോജനപ്പെടുത്താതെ ഇടുക്കി പദ്ധതിയിലെ ജലം മൂവാറ്റുപുഴ ആറ്റിലൂടെ വെട്ടിക്കാട്ട് മുക്ക് വഴി വേമ്പനാട്ട് കായലിലേക്ക് പതിറ്റാണ്ടുകളാണ് വെറുതെ ഒഴുക്കിവിട്ടതെന്ന് ജില്ലാ പഞ്ചായത്ത് അസൂത്രണ സമിതി അംഗം ജയ്സൺ മാന്തോട്ടം പ്രതികരിച്ചത്. വെറുതെ കളഞ്ഞാലും അളന്ന് കളഞ്ഞില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ മലങ്കരയിലെ വെള്ളം പാലാക്കാരും കോരുകയാണ്. വേനലിലെ ടാങ്കർ വെള്ള വ്യാപാരവും അവസാനിക്കും. റവന്യൂ വകുപ്പിൻ്റെ ലോറിവെള്ളവും നിലയ്ക്കും.