കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി തണ്ടാംകുളത്ത് അൽത്താഫ് (21), കൂരിക്കുഴി പതിനെട്ടുമുറി സ്വദേശി കാവുങ്ങൽ വീട്ടിൽ അക്ഷയ് (19), മതിലകം സ്വദേശി പാണ്ടാപറമ്പത്ത് വീട്ടിൽ മുഹമ്മദ് അനാൻ (21), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
യുവാക്കൾ സഞ്ചരിച്ച കാറിൽ ബസ് തട്ടിയെന്നാരോപിച്ചായിരുന്നു മർദനം. വെള്ളിയാഴ്ച രാത്രിയാണ് എറണാകുളം – ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ഗിരീഷ്, കണ്ടക്ടർ ലെനി എന്നിവരെയാണ് കാറിലെത്തിയ സംഘം മർദിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐ വിൻസെന്റ്, സീനിയർ സി.പി.ഒമാരായ മുഹമ്മദ് റാഫി, ജ്യോതിഷ്, സി.പി.ഒ അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.