ഷാര്‍ജ: മഷി അക്ഷരകൂട്ടായ്മയുടെ ആറാമത് പുസ്തകം “കഥ പറയുന്ന ഗ്രാമങ്ങൾ” പ്രകാശിപ്പിക്കപ്പെടുകയാണ്. നവംബർ 1 മുതൽ 12 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബർമൂന്ന് വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ്‌  പുസ്തക പ്രകാശനം.
“We speak books” എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ തലക്കെട്ട്. മഷി എന്ന അക്ഷരകൂട്ടായ്മയുടെ ലക്ഷ്യവും  ഉദ്ദേശ്യവുമെല്ലാം ഈ തലക്കെട്ടിനോട് ഏറെ ചേർന്നുനിൽക്കുന്നു. 
മലയാളത്തിന് വളരെ അഭിമാനാർഹമായ കാര്യമാണ് ഷാർജ പുസ്തകമേളയിലെ  മലയാളി സാഹിത്യസ്നേഹികളുടെയും എഴുത്തുകാരുടെയും സാന്നിധ്യം. 

അവർക്കിടയിൽ ആശയം കൊണ്ടും രചനാമികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപെടുകയും ചെയ്തിട്ടുള്ള  “ലാൽബാഗ് എക്സ്പ്രസ്സ്” എന്ന 26 പേർ ചേർന്നെഴുതിയ നോവലിന് ശേഷം, ഗ്രാമം എന്ന ആശയത്തിൽ 27 പേരുടെ അനുഭവവും ഭാവനയും, കഥകളായും കവിതകളായും കോർത്തിണക്കിയാണ് ഇത്തവണ  “കഥപറയുന്ന ഗ്രാമങ്ങൾ” പൂർത്തിയാക്കിയിരിക്കുന്നത്.
പ്രവാസികളുടെ ഗൃഹാതുരത്വത്തിന്റെ രുചിയും മണവും ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്ന പുസ്തകമാണ് ഇത്. വളരെ ലളിതമായ ഭാഷയിലൂടെ പുസ്തകത്തിന്റെ ഓരോ താളിലും മഷിപടർത്താനായ് ഗ്രാമങ്ങളുടെ സുഗന്ധവും പേറി ഓർമ്മകളിലൂടെ അല്ലെങ്കിൽ ഭാവനയിലൂടെ  യാത്രപോകുകയാണ് ഓരോ എഴുത്തുകാരനും.

പ്രവാസത്തിന്റെ ചൂടിലും തണുപ്പിലും ഒരുപോലെ വിയർക്കുന്ന പ്രവാസികളുടെ മനസ്സിന്റെ മരുപ്പച്ചയും, പ്രതീക്ഷയുമെല്ലാമാണ് സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമ്മകൾ. ഇതിലെ ഓരോ കഥയും ആ ഓർമ്മകളിലേക്കുള്ള യാത്രകളാണ്. 
ഗ്രാമങ്ങൾ കഥ പറയുകയാണ് ഈ പുസ്തകത്തിൽ. വായനക്കാരന്റെ കണ്ണുകൾക്ക് ഹരിതാഭയേകി. ഒരു നനുത്ത കാറ്റിന്റെ അകമ്പടിയോടെ മനസ്സിലേക്ക്  കുളിർകാറ്റായ് ഇതിലെ ഓരോ കഥയും കടന്നുചെല്ലുമെന്ന് പ്രതീക്ഷിക്കുന്നു. 
മഷി എഡിറ്റോറിയൽ കൃതികളുടെ സമാഹരണം ചെയ്തിരിക്കുന്നു. കൈരളി ബുക്സ് കണ്ണൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *