ഹമാസിനെ വാഴ്ത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ ഉടന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നീക്കം ചെയ്യണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് മെറ്റയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഒക്ടോബര്‍ 7ന് ഇസ്രയേലിന് നേരെ അഴിച്ചുവിട്ട ആക്രമണത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹീബ്രു, അറബിക് ഭാഷകളിലുള്ള 7,95,000 പോസ്റ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും മറ്റുള്ള പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഹമാസിന് മെറ്റാ പ്ലാറ്റ്‌ഫോമില്‍ വിലക്കുണ്ടെങ്കിലും ഹമാസുമായി ബന്ധപ്പെട്ട സാമൂഹിക, രാഷ്ട്രീയ സംവാദങ്ങള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.