തിരുവനന്തപുരം: ഒറ്റരാത്രി പെയ്ത കനത്ത മഴയിൽ കേരളത്തിന്റെ തലസ്ഥാനം വെള്ളത്തിലാണിപ്പോൾ. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ ചാക്ക- എയർപോർട്ട് റോഡും കോസ്മോപൊളിറ്റൻ ആശുപത്രിയും ടെക്നോപാർക്ക് മേഖലയും വിമാനത്താവള പരിസരവുമെല്ലാം വെള്ളത്തിലാണ്.
ആമയിഴഞ്ചാൻ അടക്കം തോടുകളും ആറുകളും നിറഞ്ഞുകവിഞ്ഞത് തിരുവനന്തപുരത്തു ജനജീവിതം ദുസ്സഹമാക്കി. കണ്ണമ്മൂല, അഞ്ചുതെങ്ങ്, പുത്തൻപാലം, കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ്.
ഒറ്റ മഴയിൽ തലസ്ഥാനം മുങ്ങാൻ ഇടയാക്കിയത് വെള്ളക്കെട്ടൊഴിവാക്കാൻ നടപ്പാക്കിയ ‘ഓപ്പറേഷൻ അനന്ത’ പദ്ധതിയുടെ രണ്ടാം ഘട്ടം അട്ടിമറിച്ചതാണ്. എട്ടുവർഷം മുൻപ് നടപ്പാക്കിയ പദ്ധതിയുടെ  
ആദ്യഘട്ടത്തിലെ നടപടികൾക്ക് നിശ്ചിത ഇടവേളകളിൽ നടത്തേണ്ട അറ്റക്കുറ്റ പണിയോ മാലിന്യം നീക്കലോ ഉണ്ടായില്ല. ചില താൽപര്യങ്ങളുടെ പേരിൽ മുടക്കിയ രണ്ടാം ഘട്ട പ്രവർത്തികൾ ഇനിയെങ്കിലും ആരംഭിച്ചില്ലെങ്കിൽ മഴ പെയ്യുമ്പോഴൊക്കെ തലസ്ഥാനം വെള്ളത്തിന് അടിയിലാവും. 2016നു ശേഷം പല തവണ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പടുത്തിയങ്കിലും ഒന്നും നടന്നില്ല. വിവിധ വകുപ്പുകളുടേയും നഗരസഭയുടേയും ഏകോപനമില്ലാത്തതായിരുന്നു പ്രധാനകാരണം.
2015ൽ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റേയും ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകറിന്റേയും നേതൃത്വത്തിലായിരുന്നു ഒന്നാംഘട്ട ‘ഓപ്പറേഷൻ അനന്ത’. തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായി തമ്പാനൂർ, കിഴക്കേക്കോട്ട, ചാല, പഴവങ്ങാടി പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കൽ ഒരു ടീം ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചു. 26 കിലോമീറ്റർ ഓടകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പഴയ വീതിയിലേക്ക് കൊണ്ടുവന്നു.
മുടക്കാനായി പല ശ്രമങ്ങളും ഉണ്ടായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് മേയറുടെ അധികാരം കൂടി ജില്ലാകളക്ടറിൽ വന്നു ചേർന്നത് ബിജു പ്രഭാകർ പ്രയോജനപ്പെടുത്തി സെൻട്രൽ തിയേറ്ററിനു മുന്നിൽ നിന്നും പുത്തിരക്കണ്ടം വഴി തെക്കിനിക്കര കനാലിലേക്ക് ഓവർഫ്‌ളോ ഡക്ട് നിർമ്മിച്ചു. ആമയിഴഞ്ചാൻ തോട് കരവിഞ്ഞ് കിഴക്കേക്കോട്ടയിൽ വെള്ളം കയറുന്നതൊഴിവാക്കാനായിരുന്നു ഇത് പഴവങ്ങാടിയിൽ വെള്ളംകയറുന്നതൊഴിവാക്കാൻ കൾവർട്ട് ഉയർത്തി പണിയുകയും ചെയ്തു.
നാൽപ്പത് വർഷത്തിലേറെയായി ശുചിയാക്കാതെ കിടന്ന തമ്പാനൂർ റെയിൽവേ സ്റ്റേഷനടിയിലൂടെ പോകുന്ന ഓടയടക്കം ശുചിയാക്കി.
2016ൽ സർക്കാർ മാറിയപ്പോൾ പദ്ധതി മരവിച്ചു. ബിജു പ്രഭാകറിനെ വകുപ്പ് മാറ്റി. ജിജി തോംസൺ വിരമിച്ചു. പുതിതായി വന്ന കളക്ടർ എസ്. വെങ്കിടേസപതി പദ്ധതി തുടരാൻ ശ്രമിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല.
ഓപ്പറേഷൻ അനന്തയുടെ തുടർച്ചയായി മഴക്കാലത്തിന് മുമ്പ് കയ്യേറ്റം ഒഴിപ്പിച്ച ഓടകൾ എല്ലാ വർഷവും ശുചീകരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ വഴിപാട് പോലെ മഴക്കാലത്തിന് മുമ്പുള്ള മാലിന്യം നീക്കലല്ലാതെ മറ്റൊന്നും നടന്നില്ല.
കൃത്യമായ ശുചീകരണം നടന്നില്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ തമ്പാനൂരിൽ പഴയത് പോലെ വെള്ളക്കെട്ടുണ്ടാകുമെന്ന് അനന്തയ്ക്ക് നേതൃത്വം നൽകിയ ബിജു പ്രഭാകർ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വർഷം കഴിയുമ്പോഴേക്കും അത് സംഭവിക്കുകയും ചെയ്തു.
ഒറ്റദിവസം പെയ്ത മഴയിൽ തമ്പനൂർ റെയിൽവേസ്റ്റേഷൻ, ചാല, കരിമഠം, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വൻ വെള്ളക്കട്ടാണുണ്ടായത്. കരിമഠത്ത് നിന്നടക്കം വെള്ളം തിരിച്ചിറങ്ങാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു.
ആറ് വർഷം മുമ്പ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച ഭാഗങ്ങൾ വീണ്ടും സ്വകാര്യ വ്യക്തികൾ കയ്യേറിയിട്ടുണ്ട്.
ഓപ്പറേഷൻ അനന്ത ആദ്യഘട്ടത്തിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് നിശ്ചിത ഇടവേളകളിൽ നടത്തേണ്ട അറ്റക്കുറ്റ പണിയോ മാലിന്യം നീക്കലോ ഉണ്ടാകാത്തതാണ് ഇപ്പോൾ മഴ പെയ്യുമ്പോൾ തമ്പാനൂരിലും പരിസരത്തും വെള്ളം കയറാൻ കാരണം.
നഗരസഭയുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ ഓടകൾ യഥാസമയം വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ വെള്ളക്കെട്ട് ഉണ്ടാകില്ലായിരുന്നു. എല്ലാറ്റിനും കാരണം റെയിൽവേയാണെന്ന് വരുത്തി തീർക്കാനായുള്ള ആരോപണങ്ങളും നഗരസഭാധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായി.
തോട്ടിൽ റെയിൽവെയുടെ ഭാഗത്തുള്ള 117 മീറ്റർ സ്ഥലത്ത് മണ്ണടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതാണ് തമ്പാനൂർ കിഴക്കേകോട്ട ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാതയെന്നാണ് നഗരസഭാധികൃതർ ആരോപിക്കുന്നത്.
എന്നാൽ റെയിൽവേയുടെ ഭാഗത്ത് എത്തുന്നതിന് മുമ്പാണ് അമയിഴഞ്ചാൻ തോട്ടിൽ വ്യാപകമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതെന്നും ഇത് ഒഴുകിയെത്തുന്നത് തടയാൻ റെയിൽവേ പരിധിയിലേക്ക് കടക്കുന്ന സ്ഥലത്ത് ഇരുമ്പുഗ്രില്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. രണ്ടാം ഘട്ട ഓപ്പറേഷൻ് 100കോടി വേണ്ടിവരുമെന്നാണ് കണക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *