നഗ്നതയെയും ലൈംഗികതയെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെപ്പറ്റിയും എന്തിന് സ്വതന്ത്ര ലൈംഗികതയെക്കുറിച്ചു പോലും ആവേശത്തോടെ  സംസാരിക്കുന്ന മലയാളിയെ ശ്രദ്ധിച്ചിട്ടില്ലേ. എവിടെയെങ്കിലും ഒരു നഗ്ന സന്യാസി നടക്കുന്നുണ്ടെന്നതറിയുമ്പോൾ ഇയാൾ അസ്വസ്ഥനാകും. അവഹേളനം തുടങ്ങും.
അപ്പോൾ നിങ്ങൾ പറയുന്ന വ്യക്തിസ്വാതന്ത്രവും വസ്ത്ര സ്വാതന്ത്ര്യവുമെല്ലാം നിങ്ങൾ പറയുന്നതിൽ ഒതുങ്ങി നിൽക്കണം എന്നാണോ ?
അത്തരം സന്യാസിമാരുടെ നഗ്നത കൊണ്ട് അവിടത്തുകാർക്ക് എന്തെങ്കിലും ഉപദ്രവമുണ്ടായതായി നിങ്ങൾക്ക് അറിവുണ്ടോ ? ഉത്തരമില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യം കൊണ്ട്  നിങ്ങൾക്ക് ഉപദ്രവമില്ലാത്തിടത്തോളം അതിലെന്ത് ?
നിങ്ങളുടെ വസ്ത്രമുടുത്ത മതപുരോഹിതനും അധ്യാപകനും ഉസ്താദും രാഷ്ട്രീയനേതാവും ചെയ്തു കൂട്ടുന്ന നൂറിലൊന്നു പോലും ലൈംഗികാതിക്രമങ്ങൾ അവർ ചരിത്രത്തിൽ ഒരിക്കലും ചെയ്തിട്ടില്ലെന്നത് മനസ്സിലാക്കിയാൽ നല്ലത്. പഠിപ്പിക്കുന്നവർ കുട്ടികളെ പോലും… പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് വല്ല കണക്കുമുണ്ടോ ? കണക്കില്ലാതെ എത്ര ? പത്രങ്ങളിൽ കോളം തുടങ്ങിയ പോലാണ്.
സമസ്തയുടെ പുരുഷനേതാക്കൾ അഴിഞ്ഞാട്ടത്തിന്റെ കാര്യം പറയുമ്പോൾ ഏറ്റവും വലിയ അഴിഞ്ഞാട്ടക്കാരായ നഗ്ന സന്യാസിമാരും ചിന്തയിലേക്ക് വരുന്നു. നഗ്നസന്യാസിമാരുടെ ചിത്രത്തിനടിയിലെ കമന്റുകൾ നോക്കൂ. പുരുഷ ശരീരത്തെ ഇവരെല്ലാം വല്ലാതെ ഭയക്കുന്നുണ്ട്.

സർവ്വാംഗം മുന്തിയ വസ്ത്രത്തിൽ മൂടി നടക്കുന്നതൊക്കെ കൊള്ളാം. ഓരോ മനുഷ്യനും പിറന്നുവീഴുന്നത് നഗ്നനായിട്ടാണ് എന്ന് വല്ലപ്പോഴുമൊന്ന് ഓർക്കുന്നത് നല്ലതല്ലേ.

ക്ഷേത്രങ്ങൾ നഗ്നശിൽപങ്ങൾ കൊണ്ടു നിറഞ്ഞ നാട്ടിൽ നഗ്നശരീരം ശിൽപമാക്കണമെങ്കിൽ ഏതു കാനായിക്കും ഇപ്പൊഴും നെഞ്ചിടിക്കും. മനുഷ്യൻ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എന്നാണാവോ. കൽപ്രതിമയായാൽ പോലും തുണി ഇന്നത്തെ നിലയ്ക്ക് ഒരു വലിയ പ്രശ്നം തന്നെ. സത്യത്തിൽ നഗ്നതയെ നമ്മൾ ഇത്രയധികം  ഭയക്കേണ്ടതുണ്ടോ ?
പുരുഷാധിപത്യ ലോകത്തെ പുരുഷനാകട്ടെ ഇരട്ട ഉത്തരവാദിത്തമാണ്. അവന് ഒരേ സമയം സ്വന്തം ശരീരത്തിലും സ്ത്രീയുടെ ശരീരത്തിലും കണ്ണുവേണം. അതേ സമസ്തക്കാർ ചെയ്യുന്നതിലുമുള്ളൂ. ഞങ്ങൾ മാതൃകയായി ങ്ങനെ വെള്ളയും വെള്ളയുമിട്ട് തലവഴി മൂടി വന്നിരിക്കുന്നത് കാണുന്നില്ലേ. ഇതു കണ്ടെങ്കിലും സ്ത്രീകൾ കറുപ്പിൽ പൊതിഞ്ഞേ പറ്റൂ.
പുരുഷന്റെ ശരീര വേവലാതി ഇങ്ങനെയാണെങ്കിൽ സ്ത്രീ ശരീരത്തെപ്പറ്റി സ്ത്രീക്കും അത്ര മതിപ്പുണ്ടെന്നു കരുതാൻ വരട്ടെ. അവർക്ക് നഗ്നത ധ്വനിച്ചാലും മതി. ശരീരം ഇങ്ങനെ മുഴുക്കുന്നതെന്തിന് ?
സംശയമുണ്ടെങ്കിൽ ഹണി റോസ് മുതൽ അഞ്ജിതാ നായർ വരെയുള്ളവരോട് ചോദിച്ചു നോക്കൂ. സ്ത്രീകളുടെ ആശങ്കകളെപ്പറ്റി.
പാവം ശരീരം. അത് ഉണ്ടുറങ്ങി വിസർജിച്ചു വളർന്നും ഇണ ചേർന്നും മുലയൂട്ടി വളർത്തിയും മണ്ണോടു മണ്ണടിയാൻ… ഇന്നും.
‘ശരീരമാദ്യം ഖലു ധർമ സാധനം’ എന്നു പറഞ്ഞത് കാളിദാസൻ.

By admin

Leave a Reply

Your email address will not be published. Required fields are marked *