ഷാര്‍ജ: ഷാബു കിളിത്തട്ടിൽ എഴുതിയ ‘രണ്ടു നീലമത്സ്യങ്ങൾ’ എന്ന നോവൽ ഒക്ടേഒബർ പതിനൊന്നിന് പ്രകാശനം നടന്നു. പുറത്തിറങ്ങി ഉടൻതന്നെ വായനക്കാർ ഏറ്റെടുക്കുകയും ഇതിനകം തന്നെ നല്ല അഭിപ്രായം വരികയും ചെയ്‌ത ഈ പുസ്‌തകത്തിൻറെ പ്രസാധകർ മാതൃഭൂമി ബുക്‌സ് ആണ്. ഷാർജ പുസ്തകമേളയിൽ മാതൃഭൂമി സ്റ്റാളിൽ ‘രണ്ടു നീലമത്സ്യങ്ങൾ’ ലഭ്യമാകും.
പുസ്തകത്തെപ്പറ്റി ബിനു വേലായുധൻ എഴുതിയ വായനാനുഭവം വായിക്കാം: ആഴങ്ങള്‍ തേടുന്ന നീലമത്സ്യങ്ങള്‍ – പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഭാഷകൊണ്ടും വായനക്കാരനെ അദ്ഭുതപ്പെടുത്തുന്ന നോവലാണ് രണ്ടുനീലമത്സ്യങ്ങള്‍. എത്ര അരക്ഷിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ കൃതി മനുഷ്യത്വത്തിന്റെയും നന്മയുടെയും സ്‌നേഹത്തിന്റെയും പുതിയൊരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ കാഴ്ചപ്പാടും പങ്കുവയ്ക്കുന്നു എന്നതാണ് കൃതിയെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതും.
ഷാബുകിളിത്തട്ടില്‍ എന്ന മാധ്യമപ്രവര്‍ത്തകനായ സാഹിത്യകാരന്റെ എട്ടാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമാണ് രണ്ടുനീലമത്സ്യങ്ങള്‍. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ സൂക്ഷ്മതലങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് അതിന്റെ പൂര്‍ണ്ണതയില്‍, വിഷയമാവശ്യപ്പെടുന്ന ശക്തിസൗന്ദര്യങ്ങളോടെ, ആവിഷ്‌കരിക്കാന്‍ അസാമാന്യമായ മിടുക്കുള്ളയാളാണ് താനെന്ന് ഓരോ കൃതിയിലും ഷാബു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഓരോ വരിയിലും വായനക്കാരനെ തന്നിലേയ്ക്ക് നോക്കാനും സ്വയം വിലയിരുത്താനും തന്റെ വൈരൂപ്യങ്ങള്‍ തിരിച്ചറിയാനും തിരുത്താനും പ്രേരണ നല്കുന്നു എന്നതാണ് ഈ നോവലില്‍ കാണുന്ന പ്രധാനഗുണം. കാലത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാകണം സാഹിത്യം.
ഓരോ വായനക്കാരനും അതിലൂടെ തന്നെയും തന്റെ കാലത്തെയും ജീവിക്കുന്ന ചുറ്റുപാടുകളെയും കാണാനാകണം. തന്റെ സ്ഥാനം അതില്‍ എവിടെയാണെന്ന് നിര്‍ണ്ണയിക്കപ്പെടാനാകണം. തിരുത്താന്‍ തയ്യാറാണെങ്കില്‍ സ്വയം തിരുത്തപ്പെടണം. അതിന് വഴിയൊരുക്കുമ്പോഴാണ് കൃതി സാര്‍ത്ഥകമാകുന്നത്. സ്രഷ്ടാവ് മികച്ച എഴുത്തുകാരനാകുന്നത്. രണ്ടുനീലമത്സ്യങ്ങള്‍ എന്ന നോവല്‍ എഴുത്തിന്റെ ഈ ദൗത്യം പൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷം.
സാധാരണഭാഷയില്‍ അസാധാരണമയൊരു അനുഭവലോകം വായനക്കാരനുമുന്നില്‍ തുറന്നിടാന്‍ ഈ നോവലിന് കഴിയുന്നു. നോവിന്റെ പെരുമഴയില്‍ തുടങ്ങി പ്രശാന്തതയുടെയും പ്രതീക്ഷയുടെയും പുതുവെളിച്ചത്തില്‍ പരിസമാപിക്കുന്നതിനിടയില്‍ ഈ കൃതി വായനക്കാരനെ ഏതെല്ലാം ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്നറിയണമെങ്കില്‍ ഇതിലെ വരികളിലൂടെ കടന്നുപോവുക തന്നെ വേണം.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങള്‍. നേരിടുന്നതും അനുഭവിച്ചതുമായ ജീവിതാവസ്ഥകളിലൂടെയും മാനസിക സഞ്ചാരങ്ങളിലൂടെയും അവര്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഒളിഞ്ഞും തെളിഞ്ഞും പല അവസരങ്ങളിലും പ്രത്യക്ഷപ്പെടുന്ന നമ്മുടെതന്നെ പ്രതിബിംബങ്ങളാണ് അവര്‍. നോവലിലൂടെ കടന്നുപോകുമ്പോള്‍ ഇതിലേതാണ് ഞാന്‍, അല്ലെങ്കില്‍ ഇതിലേതല്ല ഞാന്‍, എന്ന് പലവുരു നമ്മളോടുതന്നെ ചോദിക്കാന്‍ നാം ബാധ്യസ്ഥരാകും. നമ്മുടെ വൈരൂപ്യങ്ങള്‍ നമുക്ക് മുന്നിലേയ്ക്ക് തുറന്നുവയ്ക്കപ്പെടുന്നു. അങ്ങനെ നമ്മള്‍തന്നെ കഥാപാത്രങ്ങളായി മാറുന്നു. ഇത് എഴുത്തിലെ ഒരു രാസവിദ്യയാണ്.
മനുഷ്യനെ നന്മയിലേയ്ക്കും സ്‌നേഹത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കേണ്ട മതം അവനവന്റെയും കൂടപ്പിറപ്പുകളുടെയും സമാധാനം കെടുത്തുകയും നാശം വിതയ്ക്കുകയും ചെയ്യുന്നതിനുള്ള ഉപകരണമായി മാറുന്നു. ഒരേ മതം ഒരച്ഛനമ്മമാരുടെ മക്കളുടെ മസ്തിഷ്‌കങ്ങളില്‍പ്പോലും വൈരുദ്ധ്യാത്മകമായി പ്രവര്‍ത്തിക്കുന്നു.
സ്വന്തം കൂടപ്പിറപ്പിനെ സ്‌നേഹിക്കുന്നതില്‍പ്പോലും വിശ്വാസങ്ങള്‍ ഇടപെടല്‍ നടത്തുന്നു. പെറ്റമ്മയുടെ സ്‌നേഹത്തിന് പോലും മതം മതില്‍ നിര്‍മ്മിക്കുന്നു. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലേയ്ക്കുപോലും ജാതിയും മതവും ഒരു നീരാളിയപ്പോലെ പിടിമുറുക്കുന്നതും ലോകസമാധാനത്തിന് അതുയര്‍ത്തുന്ന ഭീഷണിയും അത് സമൂഹം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന ദുരന്തവുമെല്ലാം ഷാബു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മുന്‍വിധികളോടെയുള്ള സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇടപെടല്‍ സാധാരണമനുഷ്യരുടെ ജീവിതങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമൂഹവും സംവിധാനങ്ങളും പരാജയപ്പെടുന്നു. മനസ്സില്‍ സ്വയം സൃഷ്ടിക്കുന്ന സംശയങ്ങളും അവയെ ബലപ്പെടുത്താന്‍ ഓരോരുത്തരും കണ്ടെത്തുന്ന തെളിവുകളും വച്ചുകൊണ്ട് മനുഷ്യനെ അളക്കാന്‍ ശ്രമിക്കുന്നു.
തന്റെ ‘മതമാണ്’ ശരിയെന്ന് വാദിക്കുന്ന തീവ്രവാദിയെപ്പോലെതന്നെ അപകടകാരിയാണ് തന്റെ സംശയങ്ങളാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഭരണകൂടവും. ഇരുകൂട്ടരും ചേര്‍ന്ന് ഇല്ലാതാക്കുന്നതാകട്ടെ സമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരന്റെ ജീവിതങ്ങളും. തെറ്റിനെ ശിക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ശരികളെ സംരക്ഷിക്കാന്‍ കൂടി കഴിയണം. അതിന് കഴിയാതെ വരുന്നിടത്ത് ഭരണകൂടം പരാജയപ്പെടുന്നു. ജയമെന്ന് ഘോഷിക്കപ്പെടുന്നത് തന്നെ വന്‍ പരാജയമായി മാറുന്നു.
പ്രണയം, കുടുംബം, രാഷ്ട്രീയം, തീവ്രവാദം, പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ ജീവിതം, തുടങ്ങി വൈവിധ്യമാര്‍ന്നതും ഇഴചേര്‍ന്നുകിടക്കുന്നതുമായ വിഷയങ്ങളെല്ലാം നോവലില്‍ കടന്നുവരുന്നു. പുതിയകാലം പ്രതീക്ഷയുടെ വെള്ളിവെളിച്ചം പങ്കുവയ്ക്കുന്നതാണെന്നും അതിനെ കെടാതെ കാത്തുവയ്‌ക്കേണ്ടത് നമ്മുടെ ചുമതലയാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയുണ്ട്.
പരാജയങ്ങളില്‍ തകര്‍ന്നുവീഴേണ്ടതല്ല അതിജീവനത്തിലൂടെ കരുത്താര്‍ജ്ജിക്കേണ്ടതാണ് ജീവിതമെന്ന സന്ദേശവും ഈ നോവല്‍ പങ്കുവയ്ക്കുന്നു. ഓരോ വിഷയവും അവതരിപ്പിക്കുമ്പോള്‍ അതിനനുസൃതമായ ഭാഷ കൈക്കൊള്ളുന്ന എഴുത്തുകാരന്‍ ഏതൊരു സാഹിത്യാസ്വാദകനെയും അസൂയപ്പെടുത്തും.
ഈ നോവലില്‍ കാണുന്ന വലിയ സവിശേഷത, പങ്കുവയ്ക്കുന്ന അറിവുകളാണ്. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഷാബു നേരിട്ടറിഞ്ഞതും വായിച്ചറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമായ ഒരുപാട് അറിവുകള്‍. കഥാശരീരവുമായി അവയെ ഇണക്കിയെടുക്കാന്‍ നോവലിസ്റ്റ് കാണിച്ചിരിക്കുന്ന സാമര്‍ത്ഥ്യത്തെ പ്രശംസിക്കാതിരിക്കാന്‍ ആവില്ല. കാരണം അവയെമാറ്റിനിര്‍ത്തിയാല്‍ ഈ നോവല്‍ അപൂര്‍ണ്ണമാകും.
ഇരുണ്ട ഗുഹയ്ക്കുള്ളിലിരുന്ന് കുഴലിലൂടെമാത്രം നോക്കാന്‍ ശീലിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് മുന്നിലേയ്ക്കാണ് ഷാബു നീലമത്സ്യങ്ങളെ തുറന്നുവിടുന്നത്. സമൂഹം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയം അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും അസാമാന്യമായ കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
പക്ഷേ ആര്‍ക്കും ആരെയും പഴിപറയാന്‍ ഇടംകൊടുക്കാതെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ അവസരം നല്കാതെ പ്രമേയത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് പകര്‍ത്തിവയ്ക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.