ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ വന്ദേഭാരത് തീവണ്ടി സർവ്വീസ് ഉടൻ. ദീപാവലിയ്ക്ക് മുൻപായി ഒൻപത് വന്ദേഭാരത് സർവ്വീസുകൾ കൂടി ആരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. നിലവിൽ വന്ദേഭാരത് തീവണ്ടികൾക്ക് പ്രിയമേറുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നത്.
മദ്ധ്യ റെയിൽ വേയ്ക്ക് കീഴിലാണ് പുതിയ സർവ്വീസുകൾ എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തീവണ്ടി സർവ്വീസിനായുള്ള മൂന്ന് റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. ബാക്കിയുള്ള റൂട്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം റൂട്ടുകളിൽ പരിശീലനയോട്ടം നടത്തും. ഇതിന് ശേഷമാകും യഥാർത്ഥ സർവ്വീസുകൾ ആരംഭിക്കുക. മുംബൈ- ജൽന, പൂനെ- സെക്കന്തരാബാദ്, മുംബൈ- കോലാപൂർ എന്നിവയാണ് നിശ്ചയിച്ച റൂട്ടുകൾ.
വാരാണസിയിൽ നിന്നും ടാറ്റാ നഗറിലേക്കായിരിക്കും ഒരു സർവ്വീസ് എന്നാണ് സൂചന. എട്ട് കോച്ചുകളുള്ള തീവണ്ടിയായിരിക്കും ഇവിടെ സർവ്വീസ് നടത്തുക. ഇരു റെയിൽവേ സ്‌റ്റേഷനുകൾക്കുമിടയിൽ ആറ് സ്‌റ്റോപ്പുകൾ ഉണ്ടായിരിക്കും. രാവിലെ ആറ് മണിയ്ക്ക് ടാറ്റാനഗറിൽ നിന്നായിരിക്കും സർവ്വീസ് ആരംഭിക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ വാരാണസിയിൽ എത്തും. ഇവിടെ നിന്നും ഉച്ചയ്ക്ക് 2.35 നാകും തീവണ്ടി തിരിയ്ക്കുക.