ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
യുദ്ധത്തിൽ വിജയിക്കുക മരണം മാത്രമാകും. മനുഷ്യൻ പരാജിതനാകും. മുഴുവൻ കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടിവരുന്നതു സാധാരണക്കാർക്കാണ്. കുഞ്ഞുങ്ങളെയും ഗർഭിണികളെയും നിരാലംബരെയും കൊന്നൊടുക്കുന്ന യുദ്ധങ്ങൾ തലമുറകൾക്കും വിനാശകരമാണ്. എന്നിട്ടും സാധാരണ ജനങ്ങൾ ആഗ്രഹിക്കാത്ത യുദ്ധങ്ങളും നിന്ദ്യമായ അക്രമങ്ങളും പിൻവാതിലിലൂടെ നുഴഞ്ഞുകയറുന്നു.
വിഖ്യാത റഷ്യൻ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോൾസ്റ്റോയിയുടെ ചരിത്രനോവലാണ് ‘യുദ്ധവും സമാധാനവും’. നെപ്പോളിയൻ ബോണപ്പാർട്ട് റഷ്യ ആക്രമിച്ചപ്പോഴുണ്ടായ യുദ്ധസന്നാഹങ്ങളുടെയും പടയാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെയും കഷ്ടത നിറഞ്ഞ ജീവിതങ്ങളുടെ ഹൃദയ ഭേദകമായ കഥയാണിത്. 1805-1820 കാലഘട്ടത്തിലെ റഷ്യൻ ജനതയുടെ വികാരവിചാരങ്ങളും കൊടിയ ദുരിതങ്ങളും വിവരിക്കുന്നതും എട്ടു വർഷംകൊണ്ട് ഏഴു തവണ മാറ്റിയെഴുതിയതുമായ കൃതിയാണിത്.
പശ്ചിമേഷ്യയുടെ മുന്നറിയിപ്പ്
ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ ആധുനികകാല അധികാരക്കൊതിയന്മാരെയും മതതീവ്രവാദികളെയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന് ഇസ്രയേൽ- ഹമാസ് യുദ്ധവും റഷ്യ- യുക്രെയ്ൻ യുദ്ധവും മണിപ്പുർ കലാപവും മറ്റും തെളിയിക്കുന്നു. കണ്ണിനു കണ്ണ് എന്നതു ലോകത്തെ മുഴുവൻ അന്ധരാക്കുമെന്നു മഹാത്മാഗാന്ധി മുന്പേ പറഞ്ഞിരുന്നെങ്കിലും ആരു കേൾക്കാൻ. അക്രമം താത്കാലികമായി ഗുണമാകുമെന്നു തോന്നുമെങ്കിലും അതു ചെയ്യുന്ന തിന്മ ശാശ്വതമാണെന്നും ഗാന്ധിജി ഓർമിപ്പിക്കുന്നു.
ഇസ്രയേലിൽ ഹമാസ് നടത്തിയ നിന്ദ്യമായ ഭീകരാക്രമണവും ഇതിനു തിരിച്ചടിയായി ഗാസയിൽ ഇസ്രയേൽ തുടങ്ങിയ യുദ്ധവും മലയാളികളുടെയടക്കം ശാന്തി ഇല്ലാതാക്കി. ഇസ്രയേലിലും ഗാസയിലുമായി ആയിരങ്ങളാണു കൊല്ലപ്പെട്ടത്. ഇത്തവണ ഹമാസിനെ തുടച്ചുനീക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. സിറിയയും ലബനനും നേരിട്ടും സൗദി അറേബ്യയും ഇറാനും അടക്കമുള്ള അറബ് രാജ്യങ്ങൾ പിന്തുണയേകിയും ഹമാസിനൊപ്പമുണ്ട്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയും അടക്കം ഇസ്രയേലിനൊപ്പം നിലകൊണ്ടതോടെ ലോകവും രണ്ടായി തിരിഞ്ഞു.
നാശം വിതച്ച് അനന്തമായി നീളുന്ന യുക്രെയ്ൻ യുദ്ധത്തിനിടെയാണു പശ്ചിമേഷ്യയെ യുദ്ധത്തിലേക്കു തള്ളിവിട്ട ഹമാസിന്റെ അപ്രതീക്ഷിത ഭീകരാക്രമണം. പലസ്തീൻ ജനതയോട് അനുഭാവവും ആഭിമുഖ്യവും ഉള്ളവർക്കും അംഗീകരിക്കാനാകാത്ത കൊടുംക്രൂരതകളാണു കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിൽ ഹമാസ് നടത്തിയത്. 2021ൽ ഇരുകൂട്ടരും 11 ദിവസത്തെ യുദ്ധം നടത്തി 248 പലസ്തീനികളെയും 12 ഇസ്രേലികളെയും കൊന്നിരുന്നു. 2014നു ശേഷം ഇസ്രയേലിന്റെ മണ്ണിൽ ഹമാസ് നടത്തിയ ഏറ്റവും മാരകമായ ആക്രമണമായിരുന്നു കഴിഞ്ഞയാഴ്ച നടന്നത്.
അപകടകരമായ മതതീവ്രവാദം
ഗാസയിൽനിന്നുള്ള പലസ്തീൻ തീവ്രവാദികൾ കനത്ത സുരക്ഷയുള്ള ഇസ്രയേൽ അതിർത്തിയിൽ നുഴഞ്ഞുകയറിയ ശേഷം കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും തെക്കൻ ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ഭീകരാക്രമണം ലോകത്തെ നടുക്കി. സൈനികതാവളങ്ങളിലും ചെറുപട്ടണങ്ങളിലും വീടുകളിലും കടന്നുകയറിയ ഹമാസ് തോക്കുധാരികൾ 1,200 ഇസ്രേലികളെയെങ്കിലും കൊന്നു.
ഇത്തവണ ഡസൻകണക്കിനാളുകളെ കൊന്നും അനേകരെ ബന്ദികളാക്കിയുമാണു ഹമാസിന്റെ ഭീകരത. ഗാസ മുനന്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രേലികളും വിദേശികളും ഉൾപ്പെടെ 13 ബന്ദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഐഎസ്ഐഎസ് ഭീകരരുടെ രീതിയിലുള്ള അതിനിന്ദ്യമായ കൊലപാതകങ്ങളും ഭീകരതയുമാണു ഹമാസ് നടത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ തിരിച്ചടിയുടെ ഭീകരതയ്ക്കും കുറവുണ്ടായില്ല. ഹമാസും ഇസ്രയേലും യുദ്ധക്കുറ്റങ്ങൾ നടത്തി. ആക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്നു ഹമാസും ബന്ദികളെ വിട്ടയയ്ക്കുന്നതു വരെ ഗാസയിലെ വെള്ളവും വൈദ്യുതിയും ഇന്ധനവും പുനഃസ്ഥാപിക്കില്ലെന്ന് ഇസ്രയേലും പ്രഖ്യാപിച്ചു.
ഭീകരാക്രമണങ്ങളും യുദ്ധങ്ങളും എന്നും മനുഷ്യരാശിക്കാകെ വിനാശകരമാണ്. മതം, രാഷ്ട്രീയം, സന്പത്ത്, അധികാരം, അധിനിവേശം അടക്കം പലതുമാണു കാരണങ്ങൾ. വേട്ടക്കാരുടെ കൊടുംക്രൂരതകളുടെ ഇരകൾ അനുഭവിക്കേണ്ടിവരുന്ന യാതനകൾക്കുമാത്രം അറുതിയില്ല. ഭീകരതയുടെ അടിവേരറക്കാതെ സമാധാനം ഉണ്ടാവുകയില്ല. പക്ഷേ ഭീകരസംഘടനകൾക്കു പണവും ആയുധങ്ങളും അടക്കം നേരിട്ടും പരോക്ഷമായും രഹസ്യമായും സഹായവും പിന്തുണയും നൽകുന്നതു പ്രബല രാഷ്ട്രങ്ങളും നേതാക്കളുമാണ്.
മതതീവ്രവാദമാണ് ഏറ്റവും ആപത്കരം. മതാന്ധതയാണു തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും വഴിമാറുന്നത്. ഹമാസിന്റെ ഭീകരാക്രമണത്തിനും ഇസ്രയേലിന്റെ യുദ്ധത്തിനും പിന്നിൽ മതപരവും ഭൂപ്രദേശത്തിനു വേണ്ടിയുള്ളതുമായ ചരിത്രപരമായ കാരണങ്ങളാണെന്നതിൽ തർക്കമുണ്ടാകില്ല. താലിബാനും ഹമാസും പോലെ രാഷ്ട്രീയ മുഖംമൂടിയുള്ള തീവ്രവാദ, ഭീകര ഗൂപ്പുകൾ ലോകത്തിനാകെ ഭീഷണിയാണ്.
അഴിയുന്ന മുഖംമൂടികൾ
ഹമാസിന്റെ മുഖംമൂടിയും ഗൂഢലക്ഷ്യങ്ങളും മറനീക്കിയതാണു കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിൽ കണ്ടത്. ഒരേസമയം രാഷ്ട്രീയ, സൈനിക, സേവന, തീവ്രവാദ, ഭീകര മുഖംമൂടികൾ ഹമാസിൽ തെളിയുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ഇസ്രയേലിന്റെ അധിനിവേശത്തിനെതിരായ പ്രക്ഷോഭത്തിനിടെ 1987ൽ സ്ഥാപിതമായ ഹമാസ് എന്ന സംഘടന ഈജിപ്തിൽനിന്ന് ഉത്ഭവിച്ച തീവ്രവാദ മുസ്ലിം ബ്രദർഹുഡിന്റെ ശാഖയായിരുന്നു. സമീപവർഷങ്ങളിൽ ബ്രദർഹുഡിൽനിന്നു ഹമാസ് അകന്നു.
ഹമാസിന് ഇറാന്റെ പിന്തുണയുണ്ടെന്നതു രഹസ്യമല്ല. മിസൈലുകൾ അടക്കമുള്ള സൈനികായുധങ്ങളും സാങ്കേതികവിദ്യകളും ഹമാസിന് ഇറാൻ നൽകിയിട്ടുണ്ട്. സൗദി അറേബ്യയും ഖത്തറും അടക്കം മിക്ക അറബ് രാജ്യങ്ങളും ഹമാസിനെ തുണയ്ക്കുന്നു. ലബനനിലെ ഹിസ്ബുള്ള ഹമാസിനുവേണ്ടി രംഗത്തുണ്ട്. ചാവേർ ആക്രമണങ്ങൾക്കായി ഹമാസിന് പരിശീലനം നൽകിയതു ഹിസ്ബുള്ളയാണെന്നു റിപ്പോർട്ടുണ്ട്. വരുംദിവസങ്ങളിൽ ഹിസ്ബുള്ളയുടെ ആക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവും ശക്തമായാൽ പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ വിനാശകരമാകും.
നിലവിൽ ഇസ്മയിൽ ഹനിയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം പലസ്തീൻ പ്രദേശങ്ങളിലെ രണ്ടു പ്രധാന സംഘടനകളിലൊന്നാണ്. വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയെ നിയന്ത്രിക്കുന്നതും താരതമ്യേന മിതവാദികളായി കാണപ്പെടുന്നതുമായ ഫത്താ ആണ് ഹമാസിന്റെ എതിരാളി. 2006ൽ ഗാസ മുനന്പിലെ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചതിനു തൊട്ടുപിന്നാലെ, ഫത്തായും ഹമാസും തമ്മിൽ അധികാരപോരാട്ടം നടന്നു. എല്ലാ ഫത്താ രാഷ്ട്രീയക്കാരെയും ഗാസയിൽനിന്നു ബലപ്രയോഗത്തിലൂടെ ഹമാസ് പുറത്താക്കി. അതിനുശേഷം തെരഞ്ഞെടുപ്പുകളൊന്നും നടന്നിട്ടില്ല.
വിനയായി വോട്ടുരാഷ്ട്രീയം
ജൂതന്മാരും ക്രൈസ്തവരും ഇല്ലാത്ത ഇസ്ലാമിക ലോകക്രമമാണു ലക്ഷ്യമെന്ന ഹമാസിന്റെ സഹസ്ഥാപകനും പലസ്തീൻ അഥോറിറ്റി സർക്കാരിലെ മുൻ വിദേശകാര്യ മന്ത്രിയുമായ മഹമൂദ് അൽ സഹറിന്റെ പ്രഖ്യാപനം വലിയ അപായസൂചനയാണ്. ഇത്തരം പ്രസ്താവനകളെയും നിരപരാധികളെ കൊല ചെയ്തത ഭീകരാക്രമണത്തെയും, ഇസ്ലാമിക രാജ്യങ്ങളും പണ്ഡിതരും ഇന്ത്യയിലെ അടക്കം പല രാഷ്ട്രീയ നേതൃത്വങ്ങളും തള്ളിപ്പറഞ്ഞില്ലെന്നതു സമാധാനകാംക്ഷികളെ വേദനിപ്പിച്ചു.
പലസ്തീൻ ജനതയോടൊപ്പം എക്കാലവും നിന്ന ഇന്ത്യക്ക്, ഭീകരതയെയും അധിനിവേശത്തെയും അനുകൂലിക്കാനാകില്ല. പക്ഷേ രാജ്യത്തെയും കേരളത്തിലെയും ചില പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പലസ്തീനികളുടെ പേരിൽ ഹമാസിനു പിന്തുണയുമായെത്തി. പലസ്തീനെ അനുകൂലിച്ച കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രമേയത്തിൽ ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിക്കാതിരുന്നതു തെറ്റാണ്. ഭീകരതയും വംശീയ ഉന്മൂലനവും എന്തിന്റെ പേരിലായാലും, എത്ര ന്യായീകരിച്ചാലും അംഗീകരിക്കാനാകില്ല.
മറുവശത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിനു പരസ്യപിന്തുണ പ്രഖ്യാപിച്ചു. ഗാസയിലെ യുദ്ധം ഭീകരതയ്ക്കെതിരായ പോരാട്ടമാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറയുന്നു. രണ്ടും വോട്ടുബാങ്കു രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണെന്നതാണു ദുരന്തം. എന്നാൽ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള പലസ്തീനികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ്, അറബ് രാഷ്ട്രങ്ങളെ പിണക്കാതിരിക്കാൻ കേന്ദ്രം ശ്രമിക്കുന്നു.
അസ്തിത്വം, സഹവർത്തിത്വം
പലസ്തീൻ ജനതയ്ക്കും ജൂതസമൂഹത്തിനും അസ്തിത്വത്തിന്റെയും സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശത്തിന്റെയും പ്രശ്നമാണ്. 1917 വരെ ഓട്ടോമൻ സാമ്രാജ്യം കൈവശം വച്ചിരുന്ന ഗാസ പ്രദേശം പിന്നീട് ബ്രിട്ടീഷ് ഭരണത്തിലായിരുന്നു. 1948ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചു. തുടർന്ന് ഈജിപ്ഷ്യൻ സൈനികഭരണത്തിലായി. 1967ലെ യുദ്ധത്തിൽ ഗാസ മുനന്പ് ഇസ്രയേൽ പിടിച്ചെടുത്തു. 20 വർഷത്തിനു ശേഷം ഹമാസ് രൂപീകരിച്ചതോടെ ഇസ്രയേലുമായി ഏറ്റുമുട്ടലിനു തുടക്കമായി.
പലസ്തീന് അർധ സ്വയംഭരണം നൽകിയ 1993ലെ ഓസ്ലോ ഉടന്പടിയും പിന്നീട് 1993ൽ പലസ്തീൻ അഥോറിറ്റിയുടെ രൂപീകരണത്തിലേക്കു നയിച്ച സമാധാന ഉടന്പടിയുമെല്ലാം പക്ഷേ ഇരുകൂട്ടരും തന്നെയാണു പൊളിച്ചത്. പതിറ്റാണ്ടുകളുടെ പ്രവാസജീവിതത്തിനു ശേഷം പലസ്തീൻ വിമോചനപ്രസ്ഥാന നായകൻ യാസർ അരാഫത്ത് ഗാസയിലേക്കു മടങ്ങിയതും ഗാസയിലും ജെറിക്കോ വെസ്റ്റ് ബാങ്കിലും പലസ്തീനികൾക്കു പരിമിതമായ നിയന്ത്രണം നൽകിയതും ചരിത്രം. അക്രമങ്ങളും പരസ്പര അവിശ്വാസവും മൂലം സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല.
സമാധാനശ്രമങ്ങൾ തകർക്കുകയെന്ന ലക്ഷ്യമാണ്് ഇസ്രയേലിനെതിരേ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഹമാസിനെ ഇപ്പോൾ പ്രേരിപ്പിച്ചതെന്നാണു വിദഗ്ധരുടെ പക്ഷം. യുഎഇ, ബഹറിൻ, മൊറോക്കോ എന്നിവർ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതു ഹമാസിനു തിരിച്ചടിയായിരുന്നു.
പിന്നാലെ സൗദി അറേബ്യകൂടി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങിയതു ക്ഷീണമായി. അറബ് ലീഗിലെ 24ൽ ഈജിപ്തും ജോർദാനും അടക്കം ഏഴു രാജ്യങ്ങൾക്ക് ഇസ്രയേലുമായി നയതന്ത്രബന്ധമുണ്ട്. ഇസ്രയേലിനെ അംഗീകരിക്കാനുള്ള അറബ് രാജ്യങ്ങളുടെ നീക്കം അട്ടിമറിക്കുക എന്നതാകണം ഹമാസിന്റെ ലക്ഷ്യം.
ഇരുട്ടു മാറണം; പുലരട്ടെ സമാധാനം
ഹിറ്റ്ലറിന്റെ കൊടിയ ക്രൂരതകൾ മുതൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട ജനതയാണ് ജൂതന്മാർ. ഇസ്രയേലിന്റെ അസ്തിത്വം അംഗീകരിക്കാനുള്ള ഹമാസിന്റെ കഠിനമായ വിസമ്മതവും ‘സയണിസ്റ്റ്’ സ്ഥാപനമെന്ന വിശേഷണവും പലസ്തീന് സ്വതന്ത്ര രാഷ്ട്രം അനുവദിക്കാനുള്ള ഇസ്രയേലിന്റെ വിസമ്മതവും പ്രശ്നപരിഹാരത്തിനു വിഘാതമാണ്. ഓസ്ലോ ഉടന്പടി പോലുള്ള ഇസ്രയേൽ-പലസ്തീൻ മുൻ സമാധാന ചാർട്ടറുകൾ നിരസിച്ചതും ഭീകരാക്രമണവും സങ്കീർണമായ പ്രശ്നത്തിനു പരിഹാരം അകലെയാക്കി.
സ്വാതന്ത്ര്യത്തോടെ അന്തസായി ജീവിക്കാനുള്ള ജൂതന്മാരുടെയും പലസ്തീനികളുടെയും അവകാശം അംഗീകരിച്ച് സഹവർത്തിത്വത്തിന് ഇരുപക്ഷവും തയാറായാലേ സമാധാനം ഉണ്ടാവുകയുള്ളൂ. ഭീകരതയും ഏകപക്ഷീയവും വർഗീയവുമായ നടപടികളും വോട്ടുബാങ്ക് രാഷ്ട്രീയവും പ്രശ്നം വഷളാക്കുകയേയുള്ളൂ.
കാപട്യവും സ്വാർഥതയും വർഗീയതയും വെടിഞ്ഞ് ഭീകരതയ്ക്കും മതതീവ്രവാദത്തിനുമെതിരേ ലോകം കൈകോർക്കുകയാണ് ആഗോള സമാധാനത്തിനുള്ള ആദ്യപടി. ജറൂസലേമിലും ഗാസ സിറ്റിയിലും ഡമാസ്കസിലും മാത്രമല്ല, ലോകമെങ്ങുമുള്ള മതതീവ്രവാദികളുടെ മനസിലും ഇരുട്ടു മാറിയാലേ ലോകത്തു സമാധാനം പുലരുകയുള്ളൂ.