വളരെയധികം അപകടം പിടിച്ചൊരു രോഗാവസ്ഥയാണ് ‘ഡീപ് വെയിൻ ത്രോംബോസിസ്’. ഞരമ്പില്‍ രക്തം കട്ട പിടിച്ച് കിടക്കുന്ന അവസ്ഥയാണിത്. അധികവും കാലിലാണിത് കാണപ്പെടാറ്. അതുപോലെ തന്നെ സ്വകാര്യഭാഗങ്ങളിലെയും കൈകളിലെയുമെല്ലാം ഞരമ്പുകളില്‍ കാണാം.
രക്തപ്രവാഹം മന്ദഗതിയിലാകുമ്പോഴാണ് കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകുന്നത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുക, ഒരേ നില്‍പ് നില്‍ക്കുക, ദീര്‍ഘകാലം ഒരേ പൊസിഷനില്‍ കിടന്നുറങ്ങുക, പരുക്കുകള്‍, ശസ്ത്രക്രിയ എന്നിങ്ങനെ പല കാരണം കൊണ്ടും ഡീപ് വെയിൻ ത്രോംബോസിസ് പിടിപെടാം.
പതിവായ കാലുവേദന, പാദവേദന, നീര്, ചൂട്, ചര്‍മ്മത്തില്‍ വിളര്‍ച്ച, ചുവപ്പുനിറം അല്ലെങ്കില്‍ നീല നിറം എന്നിവയെല്ലാം ഡീപ് വെയിൻ ത്രോംബോസിസിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നിസാരമായി കാണരുത്.
ശരീരം അനങ്ങി ജോലികളിലേര്‍പ്പെടുക, ദീര്‍ഘനേരം ഒരേ ഇരുപ്പോ നില്‍പ്പോ ചെയ്യാതിരിക്കുക, വ്യായാമം പതിവാക്കുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ജീവിതരീതികളിലൂടെ മുന്നോട്ടുപോവുക, ബിപിയുണ്ടെങ്കില്‍ അത് നിയന്ത്രിക്കുക എന്നീ കാര്യങ്ങളെല്ലാം ഡീപ് വെയിൻ ത്രോംബോസിസ് പ്രതിരോധത്തിനായി ചെയ്യാവുന്ന കാര്യങ്ങളാണ്.